അരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ കാലുകുത്താനാകുന്നില്ല. മഴപെയ്താൽ ചളിക്കുളവും വെയിൽ തെളിഞ്ഞാൽ പൊടിയും ഉയരുന്ന റോഡിൽ കാൽനടയാത്ര ദുരിത പൂർണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചന്തിരൂരിൽ മാത്രം നിരവധി പേർ അപകടങ്ങളിൽ പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചന്തിരൂർ പനക്കപ്പറമ്പിൽ ശ്രീധരൻ ഷേണായി (65) അരൂർ പൊലീസ് സ്റ്റേഷന്റെ മുന്നിലുള്ള വെള്ളക്കെട്ടിൽ വീണ് കൈക്ക് പരിക്കേറ്റു.
ബൈക്ക് യാത്രികനായ എഴുപുന്ന സ്വദേശി രാജേഷിന് (38)ചളികുഴഞ്ഞുകിടന്ന റോഡിൽ വീണാണ് പരിക്കേറ്റത്. സൈക്കിൾ യാത്രികരായ രണ്ടുപേർ കൂടി ചന്തിരൂരിൽ റോഡിൽ വീണ് പരിക്കുപറ്റിയിട്ടുണ്ട്. മഴ കനത്തതോടെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് വിനയായത്. ദേശീയപാതയുടെ മീഡിയൻ ഉൾപ്പെടെ ഭാഗം ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം വശങ്ങളിലേക്ക് ഒഴുകുന്നത് ചളി രൂപത്തിലാകുന്നതാണ് അപകട കാരണം. കാൽനടയാത്രികർക്ക് ദേശീയപാതയിൽ കാലുകുത്താൻ പോലും സ്ഥലമില്ലാതായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അരൂർ പള്ളിക്ക് സമീപമുള്ള ബസ്സ്റ്റോപ്പിലെ വെള്ളക്കെട്ട് മഴ മാറിയിട്ടും ഒഴിയാത്തത് യാത്രക്കാർക്ക് ദുരിതമാവുകയാണ്.
പെയ്ത്തുവെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് കാരണം. ബസുകൾ വെള്ളത്തിൽ കൊണ്ടുവന്നു നിർത്തുന്നതുകൊണ്ട് വെള്ളത്തിലിറങ്ങി നിന്നു വേണം ബസിൽ കയറാൻ. ഉയരപ്പാത നിർമാണം നടത്തുന്ന കമ്പനി ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ടിൽ മണ്ണിട്ട് നികത്താനെങ്കിലും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.