അരൂർ: ഉയരപ്പാത നിർമാണം ഗതാഗതക്കുരുക്കിലാക്കിയ അരൂർ-തുറവൂർ ദേശീയപാതയിൽ ആഴ്ച അവസാനമായ ശനിയാഴ്ച ദുരിതംകൊണ്ട് യാത്രികർ പൊറുതിമുട്ടി. വൈകീട്ട് ചേർത്തല ഭാഗത്തേക്കുള്ള കുരുക്കാണ് രൂക്ഷമായത്. ജില്ല അതിർത്തിയായ കുമ്പളം കടന്നും വാഹനനിര നീണ്ടു.
ഇതിനിടെ ശനിയാഴ്ച ഉച്ചക്ക് ചന്തിരൂരിലെ ഇരുചക്രവാഹന ഷോറൂമിന് മുന്നിൽ ബൈക്കിൽ സഞ്ചരിച്ചവർ കുഴിയിൽ മറിഞ്ഞുവീണു. വാഹനത്തിന്റെ പിന്നിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. ഒരു കെ.എസ്.ആർ.ടിസ് ബസും സ്വകാര്യ ബസും കേടായത് കുരുക്കിന്റെ തീവ്രത വർധിപ്പിച്ചു. ഒപ്പം ഓണത്തിരക്കും ആഴ്ച അവസാനത്തിന്റെ അവധിയും കൂടിയായപ്പോൾ നിയന്ത്രണത്തിന് അപ്പുറത്തായി. അരൂർ അമ്പലം കവലയിൽ ട്രാഫിക് നിയന്ത്രിക്കാൻ ആളുണ്ടായിരുന്നില്ല. ഇതോടെ അരൂക്കുറ്റിയിൽനിന്ന് എത്തുന്ന വാഹനങ്ങളടക്കം കുത്തിക്കയറ്റിയതോടെ ഇവിടെയും കുരുക്ക് രൂക്ഷമായി. വൈകീട്ട് ചന്തിരൂർ പാലത്തിലടക്കം വൻ ഗതാഗത തടസ്സമായിരുന്നു. വൈകീട്ട് 6.50ന് ചേർത്തലയിൽ സർവിസ് അവസാനിപ്പിക്കേണ്ട സ്വകാര്യ ബസ് 7.30ന് എരമല്ലൂർ എത്തിയതേയുള്ളൂ. ബസുകളിലടക്കം വീടുകളിലേക്ക് മടങ്ങിയിരുന്ന ആയിരക്കണക്കിന് യാത്രികരാണ് അപ്രതീക്ഷിത കുരുക്കിലകപ്പെട്ട് വലഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.