അരൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിന് റാമ്പുകൾ നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ. കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂർ വില്ലേജുകളിൽ 92 സർവേകളിലായി 177 സെൻറ് സ്ഥലമാണ് നിലവിൽ ഏറ്റെടുത്തിരിക്കുന്നത്.
ഇനിയും സ്ഥലം ഏറ്റെടുക്കാനുണ്ട്. തുറവൂർ, കുത്തിയതോട്, ചന്തിരൂർ,അരൂർ ബൈപ്പാസ് കവല എന്നിവിടങ്ങളിലാണ് റാമ്പുകൾ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസം നോട്ടിഫിക്കേഷൻ വന്നിരുന്നു.
ദേശീയപാത വിഭാഗത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കൽ വിഭാഗമാണ് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി പൂർത്തീകരിക്കുന്നത്. ഇനി ത്രീഡി നോട്ടിഫിക്കേഷൻ വന്നുകഴിഞ്ഞാൽ സ്ഥലത്തിന്റെ വില നിശ്ചയിക്കും.
സ്ഥലത്തിന്റേത് റവന്യൂ വിഭാഗവും കെട്ടിടങ്ങളുടെത് പൊതുമരാമത്തും കൃഷിസ്ഥലം ഏറ്റെടുക്കുന്നുണ്ടെങ്കിൽ കൃഷിവകുപ്പും മരങ്ങളുടേത് വനം വകുപ്പുമാണ് വില നിശ്ചയിക്കുന്നത്. എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത വിഭാഗം ഭൂമി ഏറ്റെടുക്കുന്ന ദേശീയപാത വിഭാഗത്തിന് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരമാണ് ഏറ്റെടുത്ത സ്ഥലത്തിന്റെ നോട്ടിഫിക്കേഷൻ പൂർത്തിയാക്കി, അടിയന്തിരമായി ത്രീഡി തയ്യാറാക്കി സ്ഥലം ഉടമകൾക്ക് പണം കൈമാറാനുള്ള നടപടി ആരംഭിച്ചത്. കുത്തിയതോട് പാലത്തിന്റെ തെക്കുവശവും ചന്തിരൂർ, തുറവൂർ,അരൂർ എന്നിവിടങ്ങളിലും റാമ്പും എരമല്ലൂരിൽ ടോൾ പ്ലാസയുമാണ് നിർമ്മിക്കുന്നത്. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം 12.75 കിലോമീറ്റർ ആറുവരിപ്പാത ഒരുങ്ങുന്നത് 1668 കോടി രൂപ മുടക്കിയാണ്. പദ്ധതിയുടെ 30ശതമാനം ജോലികളും പൂർത്തിയായതായി കരാർ കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.