അരൂർ: തിരുവോണ ദിനത്തിൽ സാമൂഹിക വിരുദ്ധർ വീട് അടിച്ചുതകർത്തു. അരൂക്കുറ്റി റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ മധ്യവയസ്കരായ ദമ്പതികൾക്കും മകനും പരുക്കേറ്റു. അരൂർ വട്ടക്കേരി എൻ.ആർ.ഇ. പി റോഡിന് സമീപം അരൂർ ആറാം വാർഡിൽ കരിങ്ങണംകുഴിയിൽ ജോർജ് (60), ഭാര്യ മേരി (57), മകൻ ആൽബിൻ (30)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികൾ വീട്ടിലെ ജനൽ ചില്ലുകളും ഗേറ്റും വീട്ടുപകരണങ്ങളും അടിച്ചു തകർത്തു.
ഒരു മകൻ ഫിലിപ്പ് സ്ഥലത്തില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. ഇവരുടെ വീടിന്റെ ഗേറ്റ് തകർത്ത് അകത്ത് കയറിയ 15ലധികം വരുന്ന സംഘമാണ് മാരാകായുധങ്ങളുമായി ആക്രമണം അഴിച്ചു വിട്ടത്.
വീടിന്റെ ജനാലകളും രണ്ടു ബൈക്കുകളും എൽ.ഇ.ഡി ടിവിയുമടക്കം സകലതും തകർത്തു. ഏറെനേരം പരിസരത്ത് ഭീതി സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്. തിരുവോണനാളിൽ വൈകിട്ട് ഏഴിന് അരൂക്കുറ്റി റോഡും എൻ.ആർ.പി റോഡും സംഗമിക്കുന്ന ഭാഗത്ത് വച്ചാണ് ബൈക്കിൽ എത്തിയ അക്രമികൾ നിസാര കാരണത്തിന് പ്രകോപനം സൃഷ്ടിച്ച് അക്രമം നടത്തിയതെന്ന് പറയുന്നു. അതിക്രമിച്ചു കയറിയവർ ലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
അരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പേ വട്ടക്കേരിൽ ഭാഗത്ത് ദമ്പതികളുടെ നേരെ അക്രമം നടത്തിയശേഷമാണ് അക്രമികൾ ഇവിടെക്ക് എത്തിയതെന്നും പറയപ്പെടുന്നു.
നേരത്തെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ഗൃഹനാഥൻ ജോർജ് പറഞ്ഞു. ജോർജിന്റെ തലയിൽ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. ഭാര്യ മേരിയെ ആക്രമികൾ ആക്ഷേപിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.