തുറവൂർ: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ അരൂരിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ. ഗ്രാമീണ റോഡുകളും നടവഴികളും വെള്ളത്തിലായതോടെ കാൽനടപോലും അസാധ്യമായി. തോടുകളും കുളങ്ങളും നിറഞ്ഞതിനാൽ പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങളാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് കുഴികളായ മിക്ക ഗ്രാമീണ റോഡുകളും വെള്ളം നിറഞ്ഞ നിലയിലാണ്. ഇതുമൂലം ഇരുചക്ര, സൈക്കിൾ യാത്രികർ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. പഞ്ചായത്തുകൾ ഇടപെട്ട് പൊതുതോടുകൾ മിക്കതും ആഴം കൂട്ടിയിരുന്നു. എന്നാൽ, മഴ പെയ്തു തുടങ്ങിയപ്പോൾത്തന്നെ മണ്ണും എക്കലും മാലിന്യങ്ങളും നിറഞ്ഞ് തോടുകൾ വീണ്ടും ആഴം കുറഞ്ഞു. മാത്രമല്ല താഴ്ന്ന പ്രദേശങ്ങളിലെയും മുറ്റങ്ങളിലെയും വെള്ളം ഒഴുകിപ്പോകുന്നുമില്ല. വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതിനാൽ തീരവാസികൾ ആശങ്കയിലാണ്. പടിഞ്ഞാറൻ മേഖലയിലെ പാടങ്ങളും പൊഴിച്ചാലുകളും നിറഞ്ഞു കവിഞ്ഞു.
ദേശീയ പാതയിൽ പലയിടങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഉയരപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ ഒറ്റവരിപ്പാതയിലൂടെയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. വെള്ളക്കെട്ട് കൂടിയായപ്പോൾ യാത്രാ ദുരിതം ഇരട്ടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.