അരൂർ: ഉയരപ്പാത നിർമാണ ഭാഗമായി ദേശീയപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒറ്റ വരിയിൽ തടസ്സമില്ലാതെ അരൂർ മുതൽ തുറവൂർ വരെ ഗതാഗതം സുഗമമാക്കാൻ കോൺക്രീറ്റ് റോഡ് സാധ്യമാക്കാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്. നിറയെ കുഴികളും വെള്ളക്കെട്ടുകളുമായി തകർന്ന് തരിപ്പണമായ ദേശീയപാതയുടെ ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.
ചന്തിരൂർ സെന്റ്മേരീസ് പള്ളിക്ക് മുൻവശത്ത് നിന്ന് തെക്കോട്ട് 400 മീറ്റർ നീളത്തിൽ ഭാരത് ലോഡ്ജ് വരെയാണ് ഒരു ബ്ലാക്ക് സ്പോട്ട്. ചന്തിരൂർ അബാദ് സ്റ്റോറിന്റെ എതിർവശം നിറയെ കുഴികളായി കിടക്കുന്ന റോഡാണ് രണ്ടാമത്തേത്. ചന്തിരൂർ ലൈലാൻഡ് വർക്ക്ഷോപ്പിന്റെ പരിസരമാണ് മൂന്നാമത്തെ സ്ഥലം.
പിള്ളമുക്കിന് സമീപത്തെ വെള്ളക്കെട്ടും ഗട്ടറുകളുമാണ് അടുത്തത്. ഈ സ്ഥലങ്ങളിലാണ് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഗ്യാരണ്ടിയുള്ള റോഡാണ് പണിയുന്നതെന്ന് കരാർ കമ്പനി ഉറപ്പു പറയുന്നു. ദേശീയപാതയുടെ കിഴക്കുഭാഗത്ത് നിർമാണ ജോലികൾ അവസാനിച്ചെങ്കിലും രണ്ടുദിവസം കോൺക്രീറ്റ് ഉറക്കാനായി സാവകാശം നൽകണമെന്നാണ് കരാറുകാർ പറയുന്നത്. തിങ്കളാഴ്ച മുതൽ പൂർണമായും റോഡ് തുറന്നുകൊടുക്കാൻ കഴിയും.
ദേശീയപാതയുടെ പടിഞ്ഞാറെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നടത്തില്ലെന്നാണ് സൂചന. വടക്കൻ ജില്ലകളിൽ നിന്ന് ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കൂടുതൽ കടന്നുവരുന്നത് ഈ വഴിയിലൂടെയാണ്. പടിഞ്ഞാറെ ലൈനിലൂടെ ഭാരമിറക്കിയ കാലി വണ്ടികളാണ് കൂടുതലും പോകുന്നതെന്നാണ് അധികൃതരുടെ കണക്ക്.
അതുകൊണ്ട് മഴ മാറിയശേഷം നിർമാണ പ്രവർത്തനങ്ങൾ പടിഞ്ഞാറെ ഭാഗത്ത് ചെയ്യാമെന്നാണ് കണക്കുകൂട്ടുന്നത്. കെട്ടിക്കിടന്ന ചെളിയും വെള്ളവും പൂർണമായും ഒഴിവാക്കി കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കിയാരിക്കും പുതിയ റോഡ്. അരൂർ ക്ഷേത്രം കവലയിൽ തെക്കോട്ടുള്ള വാഹനങ്ങൾ തടഞ്ഞ് അരൂക്കുറ്റി - പൂച്ചാക്കൽ റോഡിലൂടെ തിരിച്ചുവിട്ടാണ് റോഡ് പണി നടത്തുന്നത്.
അരൂർ : അരൂർ -തുറവൂർ ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ സംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം തെളിവെടുപ്പിനായി ഹൈകോടതി അമിക്കസ് ക്യൂറി അഡ്വ. വിനോദ് ഭട്ട് അരൂരിലെത്തി.
അഫക്ടഡായി ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അരൂർ സ്വദേശി അഡ്വ. ബൈജു ഷണ്മുഖൻപിള്ളയെയും അഡ്വ. അനിൽകുമാറിനെയും വിസ്തരിച്ചു. അരൂർ ക്ഷേത്രം കവലയിൽ വ്യാഴാഴ്ച വൈകീട്ട് 4:30യോടെ തെളിവെടുപ്പിന് എത്തിയ അമിക്കസ് ക്യൂറിക്ക് മുമ്പാകെ നിരവധി വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതങ്ങൾ പങ്കുവച്ചു.
നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കരാർ കമ്പനിയാകട്ടെ വെള്ളവും ചെളിയും ഒഴുക്കിവിടുന്നത് ദേശീയപാതയോരത്തേക്കും സമീപ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമാണെന്നും പരാതിയുണ്ട്. സ്കൂളുകൾക്ക് അവധി നൽകിയാണ് ഇപ്പോൾ ചെറിയതോതിലെങ്കിലും അറ്റകുറ്റപ്പണികൾ നടക്കുന്നത്. തെളിവെടുപ്പിൽ പഞ്ചായത്ത് ജനപ്രതിനിധികളും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തു.
അരൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. രാഖി ആൻറണി, മുൻ വൈസ് പ്രസിഡൻറ് എം.പി. ബിജു, പഞ്ചായത്ത് അംഗങ്ങൾ, ജനകീയ സമിതി ഭാരവാഹികൾ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് തുടങ്ങിയവരും തെളിവെടുപ്പിന് ഹാജരായി.
അരൂര്‍: അരൂര്‍ക്ഷേത്രം മുതല്‍-തുറവൂര്‍ വരെ ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് പുനര്‍നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മേഖലയിലെ ഒമ്പത് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അരൂര്‍ ഗവ. എച്ച്.എസ്, അരൂര്‍ ഔവര്‍ ലേഡി ഓഫ് മേഴ്സി സ്കൂള്‍, ചന്തിരൂര്‍ ഗവ. എച്ച്.എസ്, ചമ്മനാട് ഇ.സി.ഇ.കെ യൂനിയന്‍ ഹൈസ്കൂൾ, കോടംതുരുത്ത് വി.വി.എച്ച്.എസ്.എസ്, തുറവൂര്‍ വെസ്റ്റ് യു.പി സ്കൂള്‍, കോടംതുരുത്ത് ഗവ. എല്‍.പി.എസ്, എരമല്ലൂര്‍ എന്‍.എസ് എല്‍.പി.എസ്, എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് എല്‍.പി.എസ് എന്നിവക്കാണ് ചേര്‍ത്തല ഡി.ഇ.ഒ പ്രതീഷ്. എ.കെ അവധി പ്രഖ്യാപിച്ചത്. നഷ്ടപ്പെട്ട ക്ലാസുകൾക്ക് പകരം ക്രമീകരണങ്ങൾക്ക് പ്രധാനാധ്യാപകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.