അരൂർ: ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്‍റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എരമല്ലൂർ. വടക്ക് ചന്തിരൂരും തെക്ക് കോടംതുരുത്ത് പഞ്ചായത്തും കിഴക്ക് കുടപുറം കായലും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരുകൾ. ഈ പ്രദേശങ്ങളൊക്കെ കടൽ ഒഴിഞ്ഞുണ്ടായതെന്നാണ് വിശ്വാസം. എരമല്ലൂർ കവലക്ക് 'കോസ്റ്റൽകവല' എന്ന് പേരുവീഴാനുള്ള കാരണം കടൽ സാന്നിധ്യമായിരുന്നു. എരമല്ലൂരിൽ കരനിലങ്ങളും ഏറെയുണ്ടായിരുന്നു. കായലിനോട് ചേർന്ന നിലങ്ങളിൽ നെൽകൃഷിയാണ് ചെയ്തിരുന്നത്. ഇതിനൊപ്പം ഉപ്പുവെള്ളത്തിൽ വളരുന്ന ഒരിനം നെൽവിത്തുകൾ വ്യാപകമായി ഉപയോഗിച്ചുള്ള പൊക്കാളി കൃഷിയിടങ്ങൾ എഴുപുന്നയിൽ വ്യാപകമായി ഉണ്ടായിരുന്നു.
'ഇരം' എന്ന വാക്കിന് 'വെള്ളം' എന്നാണർഥം. 'എരം' എന്നും 'ഈരം' എന്നും പാഠഭേദമുണ്ട്. 'ഈർപ്പം' എന്ന വാക്കിന്‍റെ മൂലം 'ഈരം' ആണ്. വെള്ളത്തിനടുത്തുള്ള കരിനിലങ്ങളിൽ കൃഷിചെയ്യുന്ന ഒരിനം നെല്ലിന് 'എരമക്കരി' എന്നാണ് പേര്. എരമല്ലൂരിലെ കരിനിലങ്ങളിൽ പണ്ട് ഈ നെല്ല് ധാരാളമായി കൃഷിചെയ്തിരുന്നു. 'എരമ'നെല്ലിൽനിന്ന് 'എരമനെല്ലൂർ' എന്നപേര് ഉണ്ടായതാവാം. പിന്നീട് അത് ചുരുങ്ങി 'എരമല്ലൂർ' ആയതാകാം. എന്നാൽ, നാട്ടിൽ പ്രചാരത്തിലുള്ള കഥ മറ്റൊന്നാണ്... പണ്ട് ഈ പ്രദേശത്ത് പ്രസിദ്ധരായ രണ്ട് മൽപ്പിടിത്തക്കാരുണ്ടായിരുന്നുവത്രെ. 'മല്ലയുദ്ധം' (ഗുസ്തി) നടത്തുന്നവരെ 'മല്ലന്മാർ' എന്നാണ് വിളിക്കാറുണ്ടായിരുന്നത്. 'ഇരുമല്ലന്മാർ' താമസിച്ചിരുന്ന ഊരിന് 'ഇരുമല്ലൂർ' എന്ന് പേരുവീണുവത്രെ. കാലാന്തരത്തിൽ ഇത് 'എരമല്ലൂർ' എന്ന് രൂപാന്തരപ്പെടുകയും ചെയ്തത്രെ. എഴുപുന്ന പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും എരമല്ലൂരിലാണ്. 'കോസ്റ്റൽ കവല' എന്നായിരുന്നു മുമ്പ് എരമല്ലൂർ കവലയുടെ പേര്.
തോട്ടപ്പിള്ളി ശ്രീകൃഷ്ണപുരം, കാഞ്ഞിരത്തിങ്കൽ ക്ഷേത്രം, കണ്ണുകുളങ്ങര ക്ഷേത്രം, എരമല്ലൂർ പള്ളി എന്നിവ പഴക്കമുള്ള ദേവാലയങ്ങളാണ്. കാട്ടിശ്ശേരി ഗവ. എൽ.പി സ്കൂളിനും നല്ല പഴക്കമുണ്ട്. പഴയകാലത്ത് ഇവിടെയുള്ളവർക്ക് ഹൈസ്കൂൾ പഠനത്തിന് ആശ്രയം കോടംതുരുത്ത് ഇ.സി.ഇ.കെ (എഴുപുന്ന, ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്) യൂനിയൻ സ്കൂൾ മാത്രമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രശസ്ത നോവലിസ്റ്റ് എസ്.കെ. മാരാർ (1930-2005) എരമല്ലൂരിലാണ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.