അരൂർ: മത്സ്യമേഖല സ്തംഭിച്ചതോടെ തൊഴിലാളികൾ ആശങ്കയിൽ. തീരങ്ങളിൽ തൊഴിലുപകരണങ്ങൾ ഉപയോഗമില്ലാതെ നശിക്കുന്ന സ്ഥിതിയാണിപ്പോൾ. കോവിഡ് വ്യാപനവും തുടർന്നുണ്ടായ സാമൂഹിക നിയന്ത്രണവും മറ്റും മൂലം അരൂർ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി.
അരൂരിലെ കായലോര മേഖലയിലാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത്. കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഇവർ പ്രതിസന്ധിയിലായിരുന്നു. പ്രളയവും പ്രകൃതിക്ഷോഭവും പോള, ജെല്ലിഫിഷ് ശല്യവും കായൽ മാലിന്യവും മറ്റും മത്സ്യസമ്പത്ത് ഇല്ലാതാക്കിയതായിരുന്നു പ്രശ്നം. മത്സ്യഫെഡ് മത്സ്യക്കുഞ്ഞുങ്ങളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കാറുണ്ടായിരുന്നത് രണ്ടു വർഷമായി ഇത് നിർത്തിയതും മത്സ്യസമ്പത്തിന് ആഘാതമായി. ഊന്നിവലകൾ, ചീനവലകൾ എന്നിവയെ ആശ്രയിച്ചാണ് അരൂർ മേഖലയിലെ മത്സ്യബന്ധനം. ഫിഷറീസ് വകുപ്പിൽനിന്ന് ലൈസൻസ് എടുത്ത് വർഷം തോറും ലൈസൻസ് ഫീസ് അടച്ച് പുതുക്കുന്ന ഈ തൊഴിൽ ഉപകരണങ്ങൾ ഉപയോഗമില്ലാത്തതിനാൽ നശിച്ചുതുടങ്ങി. വള്ളവും വലയും ദിവസവും ഉപയോഗിച്ചില്ലെങ്കിൽ കേടുപാട് സംഭവിക്കും. കാലപ്പഴക്കം കൊണ്ടും പോളയുടെ ശക്തമായ ഒഴുക്കിലും നാശമാകുന്ന ഊന്നിക്കുറ്റികൾക്ക് പകരം പുതിയത് സ്ഥാപിക്കാനും കഴിയുന്നില്ല.
തുടർച്ചയായി ഉപയോഗമില്ലാതെ നശിക്കുന്ന ചീനവലകളുടെ കാര്യവും വ്യത്യസ്തമല്ല. കായലിൽ അടിയുന്ന മാലിന്യമാണ് മറ്റൊരു വലിയ പ്രശ്നം. പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളും വ്യവസായ -രാസമാലിന്യങ്ങളും കായലിൽ തള്ളുകയാണ്. ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകളിൽ നിന്നുപോലും മാലിന്യം തള്ളുന്നത് കായലിലാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ ഒഴിഞ്ഞ കായലിൽ നിയന്ത്രണമില്ലാതെ മാലിന്യം കുമിയുകയാണ്. കോവിഡ് വ്യാപനം ഉണ്ടാക്കുന്ന മരവിപ്പിൽനിന്ന് മത്സ്യമേഖലയെ ഉയർത്താൻ സർക്കാർ അടിയന്തരമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.