അരൂർ: ഷവർമയുടെയും അൽഫാമിന്‍റെയും കൊതിയൂറും ഗന്ധം പരന്നതോെട വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി കടയുടെ ചവിട്ടുപടിയിൽ 'കക്ഷി' ഇരിപ്പുറപ്പിച്ചു. തിരിഞ്ഞും മറിഞ്ഞും നോക്കി അരമണിക്കൂറിലേറെ ഇരിപ്പ് തുടർന്നപ്പോൾ കടയുടമ ഒരു ബ്രഡ് നീട്ടി സൽകരിക്കാൻ ശ്രമിച്ചു. എന്നാൽ, ഷവർമ കൊതിച്ചു വന്ന വിരുന്നുകാരന് ബ്രഡ് കണ്ടപ്പോൾ അത്രക്ക് പിടിച്ചില്ല; കാത്തിരിപ്പ് മതിയാക്കി ഓടിയൊളിച്ചു.
എഴുപുന്ന തെക്ക് കരുമാഞ്ചേരിയിലെ ഷവർമകടയിലാണ് കൗതുകക്കാഴ്ചയൊരുക്കി സിംഹവാലൻ കുരങ്ങ് എത്തിയത്. നിരവധി മതിലുകളും മരങ്ങളും കയറിയിറങ്ങി ഒടുവിൽ അൽഫാം, ഷവർമ കടയുടെ മുന്നിൽ കാവലിരിക്കുകയായിരുന്നു ടിയാൻ. ഇതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി ആളുകൾ കുരങ്ങിനെ കാണാൻ തിങ്ങിക്കൂടി. ഈ സമയം അൽഫാം, ഷവർമ എന്നിവയുടെ പാചകം നടക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ മണം പിടിച്ചതു കൊണ്ടാകാം കുരങ്ങ് കടയുടെ ചവിട്ടുപടിയിൽ തന്നെ ഇരുന്നു. ഒടുവിൽ കടയുടമ ഒരുകഷണം ബ്രഡ് കൊടുത്തതോടെ സ്ഥലം വിടുകയായിരുന്നു.
എഴുപുന്ന ജങ്ഷൻ മുതലാണ് കുരങ്ങിനെ നാട്ടുകാർ കണ്ടത്. റോഡിലൂടെ നടന്നും നിരവധി വീടുകളുടെ മതിലുകളിൽ കയറിയിറങ്ങിയുമായിരുന്നു യാത്ര. കൈലാസം ബസ് സ്റ്റോപ്പിനു തെക്കുഭാഗത്ത് മുരിങ്ങ മരത്തിൽ കയറിയ കുരങ്ങ് ധാരാളം മുരിങ്ങയില കഴിച്ചു. ഈ സമയം വഴിയാത്രികൻ പഴം നീട്ടിയപ്പോൾ അയാളുടെ നേരെ ചീറ്റി.
കുരങ്ങ് എവിടെ നിന്നാണ് എത്തിയതെന്ന് ആർക്കുമറിയില്ല. ചരക്കു ലോറിയിലോ മറ്റോ കയറിപ്പറ്റി എത്തിയതാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.