ഷവർമ കൊതിച്ചെത്തിയ സിംഹവാലന്​ ട്രെയിനിടിച്ച്​ ദാരു​ണാന്ത്യം

അരൂർ: ഷവർമക്കടയുടെ മുന്നിൽ വായിൽ കപ്പലോടിക്കാൻ വെള്ളവുമായി കാത്തിരുന്ന്​ ഒറ്റ ദിവസംകൊണ്ട്​ ജനങ്ങളുടെ കണ്ണിലുണ്ണിയായ സിംഹവാലൻ കുരങ്ങിന്​ ട്രെയിനിടിച്ച്​ ദാരുണാന്ത്യം. കോടംതുരുത്ത് പഞ്ചായത്തിലെ എഴുപുന്ന പുതുശേരി വെളിക്കു സമീപമാണു ട്രെയിൻ തട്ടി മരിച്ചത്.

വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ എഴുപുന്നയിലും കോടംതുരുത്ത് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലും കറങ്ങി നടന്ന് ജനങ്ങളുടെ പ്രയങ്കരനായിതീർന്ന കുരങ്ങാണ്​ എല്ലാവർക്കും നോവായി യാത്രയായത്​. തലക്കും വയറിനും ഗുരുതര പരിക്കേറ്റ കുരങ്ങ് തൽക്ഷണം മരിച്ചു. ആലപ്പുഴയിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം പരിശോധിച്ചു. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുതന്നെയാണിതെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പുതുശേരി വെളിയിൽ തന്നെ റെയിൽവേ ട്രാക്കിനു സമീപം കുഴിയെടുത്ത് മറവു ചെയ്തു. കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് അംഗം കണ്ണനും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം എഴുപുന്ന തെക്ക് കരുമാഞ്ചേരിയിലെ ഷവർമകടയുടെ ചവിട്ടുപടിയിൽ കാത്തിരുന്ന ഈ സിംഹവാലൻ നാട്ടുകാരിൽ കൗതുകം ജനിപ്പിച്ചിരുന്നു. നിരവധി മതിലുകളും മരങ്ങളും കയറിയിറങ്ങി ഒടുവിൽ കടയുടെ മുന്നിൽ കാവലിരിക്കുകയായിരുന്നു. ഇതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി ആളുകൾ കുരങ്ങിനെ കാണാൻ തിങ്ങിക്കൂടി. ഈ സമയം അൽഫാം, ഷവർമ എന്നിവയുടെ പാചകം നടക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ മണം പിടിച്ചതു കൊണ്ടാകാം കുരങ്ങ് കടയുടെ ചവിട്ടുപടിയിൽ തന്നെ ഇരുന്നു. ഒടുവിൽ കടയുടമ ഒരുകഷണം ബ്രഡ് കൊടുത്തതോടെ സ്ഥലം വിടുകയായിരുന്നു.

എഴുപുന്ന ജങ്​ഷൻ മുതലാണ്​ കുരങ്ങിനെ നാട്ടുകാർ കണ്ടത്​. റോഡിലൂടെ നടന്നും നിരവധി വീടുകളുടെ മതിലുകളിൽ കയറിയിറങ്ങിയുമായിരുന്നു യാത്ര. കൈലാസം ബസ് സ്റ്റോപ്പിനു തെക്കുഭാഗത്ത് മുരിങ്ങ മരത്തിൽ കയറിയ കുരങ്ങ് ധാരാളം മുരിങ്ങയില കഴിച്ചു. ഈ സമയം വഴിയാത്രികൻ പഴം നീട്ടിയപ്പോൾ അയാളുടെ നേരെ ചീറ്റി. കുരങ്ങ് എവിടെ നിന്നാണ് എത്തിയതെന്ന് ആർക്കുമറിയില്ല. ചരക്കു ലോറിയിലോ മറ്റോ കയറിപ്പറ്റി എത്തിയതാണെന്നാണ്​ കരുതുന്നത്​.

വൈകീ​ട്ടോടെയാണ്​ ട്രെയിൻ തട്ടി ചത്ത വിവരം നാട്ടുകാർ അറിയുന്നത്. ട്രെയിനിന്‍റെ ശബ്ദം കേട്ടപ്പോൾ രണ്ടു തവണ പാളം കുറുകെ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടാമത്തെ ചാട്ടത്തിൽ മരണവും സംഭവിച്ചു.


Tags:    
News Summary - Lion-tailed macaque run over by train in ezhupunna, aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.