അരൂർ: അരൂർ ക്ഷേത്രം മുതൽ ബൈപ്പാസ് കവല വരെ അടച്ചിട്ട് സർവീസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമാണം പൂർത്തിയാക്കിയെങ്കിലും പരാതികൾ ബാക്കി. ചൊവ്വാഴ്ച രാവിലെയാണ് ഗതാഗതത്തിനായി ദേശീയപാത തുറന്നുകൊടുത്തത്.
ക്ഷേത്രം കവല മുതൽ ബൈപ്പാസ് കവല വരെ ഒരു കിലോമീറ്റർ ഏഴു മീറ്റർ വീതിയിൽ ടൈൽസ് പാകാമെന്ന് കരാർ കമ്പനി ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിന്റെ പകുതി നീളത്തിലും മൂന്നര മീറ്റർ വീതിയിലും മാത്രമാണ് ടൈൽസ് പാകിയത്.
ബാക്കിയുള്ള ഭാഗങ്ങൾ കോൺക്രീറ്റ് മിശ്രിതം ഇട്ട് ഒപ്പിക്കുക മാത്രമാണ് ചെയ്തത്. ടൈൽസ് പാകിയത് പോലും ശാസ്ത്രീയമായിട്ടല്ലെന്ന് പരാതിയുണ്ട്. വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ ഉറയ്ക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്. മഴ ഇല്ലാതിരുന്നിട്ടും റോഡിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. അമിതഭാരമുള്ള വാഹനങ്ങൾ കയറുമ്പോൾ റോഡിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അരൂർ ക്ഷേത്രം കവലയിൽ നിന്ന് വടക്കോട്ടാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ കവലയിൽ തന്നെ ചെളി കെട്ടി കിടക്കുകയാണ്. കവലയിൽ ടൈൽസ് പാകൽ നടത്തിയിട്ടില്ല. കുറച്ചു വടക്കോട്ട് മാറിയാണ് ടൈൽസ് നിരത്തി തുടങ്ങിയത്. തൃപ്തി ഹോട്ടലിന്റെ പരിസരത്ത് വരെയാണ് പടിഞ്ഞാറ് ഭാഗത്ത് ദേശീയപാതയിൽ നിർമാണ പ്രവൃത്തി നടത്തിയത്. ഏഴു മീറ്റർ വീതിയിൽ രണ്ടു വാഹനങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ടൈൽസ് നിരത്തണമെന്ന ആവശ്യം അംഗീകരിക്കാൻ കമ്പനി തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.