അരൂർ: 25 വർഷംകൊണ്ട് തനിമലയാളിയായി മാറിയ നേപ്പാൾ സ്വദേശി ഗുരുതരരോഗാവസ്ഥയിൽ സുമനസ്സുകളുടെ സഹായം തേടുന്നു. 25 വർഷം മുമ്പാണ് 37കാരനായ തേജ് ബഹാദൂർ ഗജ്മേർ കേരളത്തിലെത്തിയത്. പാചകത്തൊഴിലാളിയായ തേജ് കോട്ടയം, ആലപ്പുഴ ജില്ലയികളിലെ ഹോട്ടലുകളിലും മറ്റുമായി ജോലി ചെയ്ത് വരുകയായിരുന്നു.
നേപ്പാളി സ്വദേശിനിയായ ഭാര്യ ബിനീത ഖാഥിക്കും ആറു വയസ്സുകാരനായ മകൻ അർപ്പിതിനും ഒപ്പം സന്തോഷകരമായി കഴിയുമ്പോഴാണ് രോഗബാധിതനായത്. 2008ലാണ് ബ്രെയിൻ ട്യൂമർ ബാധിച്ചതായി കണ്ടെത്തിയത്. അങ്കമാലി ലിറ്റിൽ ഫ്ലവർ, തിരുവനന്തപുരം ശ്രീചിത്ര, കോലഞ്ചേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി ഇതിനകം നാല് ശസ്ത്രക്രിയക്ക് വിധേയനായി.
ഇപ്പോൾ കാഴ്ചപൂർണമായി നഷ്ടപ്പെട്ട നിലയിൽ കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. 25 വർഷമായി സ്വദേശവുമായി ബന്ധമില്ലാത്ത തേജിന് ബന്ധുക്കളായി ആരുമില്ല. അന്തർ സംസ്ഥാന തൊഴിലാളികളായ ഏതാനും കൂട്ടുകാരുടെയും താമസിക്കാൻ വീട് സൗജന്യമായി നൽകുന്ന നെല്ലിക്കൽ മർസിലിൻ എന്ന സുമനസ്സുകാരന്റെയും കാരുണ്യത്തിലാണ് അദ്ദേഹവും ഭാര്യയും മകനും കഴിയുന്നത്.
ആദ്യത്തെ രണ്ട് ശസ്ത്രക്രിയക്ക് ഇ.എസ്.ഐ ആനുകൂല്യമുണ്ടായിരുന്നു. ആധാർ കാർഡ് ഉണ്ടെങ്കിലും റേഷൻ കാർഡ് ഇനിയും കിട്ടിയിട്ടില്ല. കാഴ്ചയില്ലാത്ത തേജിനെ പരിചരിക്കുന്നതിനാൽ ഭാര്യക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയുമാണ്. മകൻ അർപ്പിത് അരൂർ ഫിഷറീസ് സ്കൂൾ വിദ്യാർഥിയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മലയാളികളുടെ കനിവ് ആശ്രയിക്കുകയാണ് തേജിന്റെ കുടുംബം. സഹായനിധിക്കായി അരൂർ കനറാ ബാങ്കിൽ 110048024211 നമ്പറിൽ തേജിന്റെയും ഭാര്യയുടെയും പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി CNRB0003587. ഫോൺ: 8921929407, 9526257261.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.