അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിലെ നിരവധി കമ്പനികളിൽ ഇതര സംസ്ഥാനക്കാർ തൊഴിലെടുക്കുന്നുണ്ടെങ്കിലും, ഇവർ എത്രയുണ്ടെന്നോ, ഇവരുടെ മേൽവിലാസമോ ആർക്കും അറിയില്ല. പൊലീസ് സ്റ്റേഷനിലോ അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലോ ഇവരുടെ വിവരശേഖരണം നടത്തിയിട്ടില്ല. ചില കമ്പനികൾ തിരിച്ചറിയൽ രേഖകൾ പോലും വാങ്ങാതെയാണ് തൊഴിലെടുക്കാൻ അനുവദിക്കുന്നത്.
സാംക്രമിക രോഗഭീതി ഉയർന്ന സന്ദർഭങ്ങളിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ഹെൽത്ത് കാർഡുകൾ നൽകിയിരുന്നു. ഇത് തുടരാനായില്ല. അരൂരിലെ മത്സ്യസംസ്കരണ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ അന്തർസംസ്ഥാന തൊഴിലാളികൾ ഏറെയുണ്ട്.
ഇവരെക്കുറിച്ച്, ഇവരുടെ താമസത്തെക്കുറിച്ച്, ജീവിതസാഹചര്യങ്ങളെ കുറിച്ച് ഒരു വിവരവും പഞ്ചായത്തിന് ലഭ്യമല്ല. ചില കമ്പനികളുടെ കോമ്പൗണ്ടിൽ തന്നെയാണ് തൊഴിലാളികളുടെ താമസം. ചില കമ്പനികൾ പുറത്ത് താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു ചില കമ്പനികളിലെ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം ഏർപ്പെടുത്തിയിട്ടില്ല. അവർ സ്വന്തം നിലയിൽ വാടകയ്ക്ക് മുറികൾ എടുത്താണ് താമസം.
പതിനായിരക്കണക്കിന് അതിഥി തൊഴിലാളികൾ അരൂരിൽ തൊഴിലെടുക്കുന്നുണ്ടെങ്കിലും തൊഴിൽകരമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നികുതികളോ പഞ്ചായത്തിന് ലഭിക്കുന്നില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ബിജു പറഞ്ഞു. വ്യവസായം നടത്തുന്നതിന് പഞ്ചായത്തിന്റെ പോലും ലൈസൻസ് ആവശ്യമില്ലെന്നാണ്, സർക്കാറിന്റെ പുതിയ ചില ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വ്യവസായികൾ പറയുന്നത്.
പഞ്ചായത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കയാണ് അരൂരിലെ ചില വ്യവസായികൾ. ഈ സാഹചര്യത്തിൽ വ്യവസായശാലകളിൽ അന്തർസംസ്ഥാനതൊഴിലാളികളെ കുറിച്ച് അന്വേഷണം നടത്താൻ സാധ്യമല്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. അതിഥി തൊഴിലാളികൾ എത്തുന്ന മുറയ്ക്ക് അതത് കമ്പനികൾ ഫോട്ടോയും, ഐ.ഡി കാർഡ് ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. ഇതൊന്നും പാലിക്കപ്പെടാറില്ല. അതിഥി തൊഴിലാളികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന തൊഴിൽ വകുപ്പിന്റെ ഓഫിസ് ചേർത്തലയിലാണ്. അവിടെയും വ്യക്തമായ തൊഴിലാളി വിവരങ്ങൾ ഇല്ലെന്നാണ് അറിയുന്നത്.
അരൂരിൽ അന്തർസംസ്ഥാനതൊഴിലാളികളിൽപ്പെട്ടവരുടെ ലഹരി ഉപയോഗങ്ങൾ പലപ്പോഴും സംഘർഷത്തിൽ എത്തിയിട്ടുണ്ട്. നാട്ടുകാർക്ക് ഉൾപ്പെടെ അപായകരമായ പല സംഭവങ്ങളും ഉണ്ടായി. ഇനിയെങ്കിലും ഇവരെക്കുറിച്ച് കൃത്യമായ വിവരശേഖരണം ബന്ധപ്പെട്ട വകുപ്പുകൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.