അരൂർ മേഖലയിലെ മത്സ്യ പാടങ്ങളിലൊന്ന്

നെൽകൃഷി അട്ടിമറിക്കാനുള്ള ഫീഷറീസ് ഉത്തരവിനെതിരെ പ്രക്ഷോഭം

അരൂർ : മത്സ്യകൃഷിയുടെ കാലയളവ് നീട്ടാനുള്ള ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് നെൽകൃഷി അട്ടിമറിക്കാനുള്ളതാണെന്ന് പൊക്കാളി സംരക്ഷണ സമിതി. അരൂർ മണ്ഡലത്തിൽ പട്ടണക്കാട്, തുറവൂർ കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ ഹെക്ടർ കണക്കിന് പൊക്കാളി നിലങ്ങളുണ്ട്.നെൽകൃഷി പൂർണ്ണമായും ഉപേക്ഷിച്ച് പൊക്കാളി നിലങ്ങൾ മുഴുവൻ സമയത്തും മത്സ്യപാടങ്ങളായി മാറിയ സാഹചര്യത്തിലാണ് സർക്കാർ ഒരു മീനും ഒരു നെല്ലും നയം കർശനമാക്കിയത്. സർക്കാരിന്‍റെ പ്രഖ്യാപിത നയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴുള്ള ഫിഷറീസ് ഉത്തരവെന്ന് പൊക്കാളി സംരക്ഷണസമിതി പറയുന്നു.

പൊക്കാളി നിലങ്ങൾ നിലവിലെ കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 14 വരെ നെൽകൃഷിയും തുടർന്നുള്ള മാസങ്ങളിൽ മത്സ്യകൃഷിയുമാണ് അനുവദിക്കുന്നത്. ഈ കലണ്ടർ കൃത്യമായി പാലിച്ചാൽ മാത്രമേ പൊക്കാളി നിലങ്ങളിലെ നെൽകൃഷി ആരോഗ്യകരമായ രീതിയിൽ പരിപാലിക്കാൻ സാധിക്കുകയുള്ളൂ. ഏപ്രിൽ 15ന് ഓരുവെള്ളം പാടശേഖരങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ നെൽവയലുകൾ തീഷ്ണമായ വേനൽചൂടിൽ ഉണങ്ങി ഉഴുതുമറിക്കാൻ പാകപ്പെടുത്തുകയുള്ളൂ. ഈ പ്രക്രിയയിലൂടെ മാത്രമാണ് മത്സ്യകൃഷിയുടെ സമയത്ത് ഉപയോഗിച്ചിട്ടുള്ള ഹാനികരമായ രാസ ഘടകങ്ങൾ നിർവീര്യമാക്കുകയുള്ളൂ. മത്സ്യബന്ധനത്തിന് ശേഷം അവശേഷിക്കുന്ന ജലജീവികൾ മണ്ണിൽ ഇഴുകിച്ചേർന്ന ജൈവാംശം വർധിപ്പിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. തുടർന്ന് വയലുകൾ ആഴത്തിൽ ഉഴുതു മറിച്ചു വാരങ്ങളും കൂനകളുമായി രൂപാന്തരപ്പെടുത്തുന്ന തോടുകൂടിയാണ് ഉപ്പുപേറുന്ന ചെളി, വയലുകളുടെ മുകളിൽ എത്തിച്ചേരുന്നത്. ഇതിൽ നിന്ന് ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനെ തുടർന്ന് രൂപപ്പെടുന്ന ഉപ്പു പരലുകളെ വേനൽ കാറ്റ് തുടച്ചുനീക്കുകയും വേനൽ മഴ കഴുകി കളയുകയും ചെയ്യും.

ഈ പ്രക്രിയയിലൂടെയാണ് വാരങ്ങളുടെയും കൂനകളുടെയും ഉപരിതലത്തിൽ ലവണാംശം ഗണ്യമായി കുറയുന്നത്. ഈ പ്രതലത്തിലാണ് ഇടവപ്പാതിയുടെ ആരംഭത്തോടെ മുളപ്പിച്ച പൊക്കാളി നെൽവിത്തുകൾ വിതറുന്നത്. ഉപരിതലത്തിൽ ലവണാംശം കുറവുള്ളതിനാൽ ശൈശവാവസ്ഥയിൽ നെൽച്ചെടികൾ ആരോഗ്യത്തോടെ വേര് മണ്ണിൽ ഇറങ്ങി വളരും. ഈ സമ്പ്രദായം നൂറ്റാണ്ടുകളായി പരമ്പരാഗത നെൽകർഷകർ തുടർന്നുപോരുന്നു.എന്ന് മാത്രമല്ല വൈറ്റില നെല്ല് ഗവേഷണകേന്ദ്രം നിരന്തരം അടിവരയിടുന്ന ഒരു പ്രക്രിയയും കൂടിയാണിത്.

ഈ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ ഉത്തരവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 30 വരെ മത്സ്യകൃഷി നീട്ടി കൊടുത്തിരിക്കുകയാണ്. മഴ ആരംഭിക്കുന്നതിനുമുമ്പ് നിലമൊരുക്കാൻ പറ്റാത്ത സാഹചര്യം ഈ ഉത്തരവ് സൃഷ്ടിക്കും. ഫലത്തിൽ നെൽകൃഷി സർക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുവാൻ ഉള്ള ഒരു വഴിപാടായി മാറും ഹൈക്കോടതിയുടെ വിധിയും സർക്കാരിന്റെ തന്നെ നയത്തിനും വിരുദ്ധമായി വിജ്ഞാപനം ചെയ്തിട്ടുള്ള ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതിക്ക് വേണ്ടി ജസ്റ്റിസ് കെ സുകുമാരൻ , പ്രൊഫ. കെ അരവിന്ദാക്ഷൻ, ഫാദർ പ്രശാന്ത് പാലയ്ക്കാപള്ളി , നെല്ല് ഗവേഷണ കേന്ദ്രത്തിലെ മുൻ ഡയറക്ടർ ഡോ.വി ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു . ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിക്ക് ഹർജി അയച്ചിട്ടുണ്ട്.

ഓരുജല മത്സ്യ വാറ്റിനുവേണ്ടി ലേലത്തിൽ പിടിച്ചിട്ടുള്ള സ്വകാര്യ വ്യക്തികൾ പിൻവാങ്ങുമ്പോൾ നെൽവയലുകളിൽ ശേഷിക്കുന്ന മത്സ്യസമ്പത്ത് ഏപ്രിൽ 15ന് ശേഷം പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്. ഈ പരമ്പരാഗത അവകാശവും സർക്കാർ ഉത്തരവിലൂടെ തട്ടി തെറിപ്പിക്കുന്നു എന്നും സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Protest against Fisheries order to subvert paddy cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.