അരൂർ: മുന്നറിയിപ്പില്ലാതെ റോഡ് നിർമാണം ആരംഭിച്ചതോടെ അരൂക്കുറ്റി -അരൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയാണ് റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് മെഷീനുകളും വാഹനങ്ങളുമായി ദേശീയപാത അധികൃതർ അരൂക്കുറ്റി പാലത്തിൽ എത്തിയത്.
പണി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുകയോ, നേരത്തേ പോകാനുള്ള മുന്നൊരുക്കം നടത്തുകയോ ചെയ്യാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഗതാഗതം തടഞ്ഞത് സംഘർഷത്തിനും ഒച്ചപ്പാടിനും ഇടയാക്കി.
അരൂക്കുറ്റി പാലം മുതൽ അരൂർ ക്ഷേത്രം വരെയുള്ള റോഡാണ് പുനർനിർമിക്കുന്നത്. തുടർന്ന് അരൂക്കുറ്റി മുതൽ പൂച്ചാക്കൽ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിയും നടത്തും. ബുധനാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായത് മണിക്കൂറുകൾക്കു ശേഷമാണ്.
വീതി കുറഞ്ഞ റോഡിൽ ചെറിയ ഗതാഗത തടസ്സംപോലും മണിക്കൂറുകൾ നീളുന്ന സാഹചര്യമാണ്. ഇതറിയാവുന്ന പൊതുമരാമത്ത് അധികൃതർ റോഡ് പണി പരമാവധി രാത്രിയിലോ ഉച്ചസമയങ്ങളിലോ ആക്കി പരിമിതപ്പെടുത്താറുണ്ട്. എന്നാൽ, ദേശീയപാത അധികൃതർ നേരിട്ട് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാതെയാണെന്ന് പി.ഡബ്ല്യു.ഡി ചേർത്തല ഡിവിഷൻ അധികൃതർ പറഞ്ഞു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിൽ തിരക്കൊഴിവാക്കാൻ ഭാരമുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി ചേർത്തല ഭാഗത്തേക്ക് കടത്തിവിടാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് റോഡ് പുനർനിർമാണമെന്നാണ് വിവരം. തുറവൂരിലെത്തുന്ന വടക്കോട്ടുള്ള വാഹനങ്ങൾ തുറവൂരിൽനിന്ന് കുമ്പളങ്ങി റോഡിലൂടെ തിരിച്ചുവിടാനും തീരുമാനമുണ്ട്. ഈ റോഡും പുനർനിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.