അരൂർ: കൈതപ്പുഴ കായലിൽ അരൂർ-ഇടക്കൊച്ചി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മണൽത്തിട്ട ദ്വീപായി രൂപപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു. എക്കലും ചളിയും മണ്ണും അടിഞ്ഞുകൂടി ചെറുതായി രൂപപ്പെട്ട മണൽത്തിട്ട വർഷങ്ങൾ കഴിയുംതോറും ബലപ്പെടുകയാണെന്ന് തൊഴിലാളികൾ പറയുന്നു. മണൽത്തിട്ട വർഷങ്ങൾ കഴിയുമ്പോൾ കായലിനു നടുവിൽ ദ്വീപുപോലെ രൂപപ്പെട്ടേക്കാമെന്നാണ് മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നത്.
മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളും വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ജലയാനങ്ങളും പലപ്പോഴും മണത്തിട്ടയിൽ ഉറച്ചുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് വിവാഹത്തിനു പോയ സംഘം സഞ്ചരിച്ചിരുന്ന വലിയ വള്ളം മൺതിട്ടയിൽ ഉറച്ചുപോയത് മണിക്കൂറുകളാണ്. മത്സ്യത്തൊഴിലാളികൾ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വിനോദസഞ്ചാരികളുമായി കുമരകത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്പീഡ് ബോട്ട് മൺതിട്ടയിൽ കുടുങ്ങിയത് രാത്രിയിലാണ്. രാവിലെയാണ് ഇവരെ രക്ഷപ്പെടുത്താനായത്. വേലിയിറക്ക സമയത്ത് മാത്രമാണ് മൺതിട്ട ദൃശ്യമാകുന്നത്. അല്ലാത്ത സമയങ്ങളിൽ നിരവധി ജലയാനങ്ങൾക്കാണ് ദുരിതമുണ്ടാക്കുന്നത്. അതിവേഗത്തിൽ എത്തുന്ന ജലയാനങ്ങൾ ദ്വീപിലിടിച്ച് യാത്രക്കാർ ഉൾപ്പെടെ തെറിച്ചുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അൽപം കിഴക്കുമാറി കൈതപ്പുഴക്കായലിൽ അരൂരും കുമ്പളം കരയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പാലം ഉൾപ്പെടെ മൂന്നു പാലങ്ങൾ നിലവിലുണ്ട്. ഈ പാലങ്ങൾ നിർമിച്ചപ്പോൾ തൂണുകൾ കായലിൽ താഴ്ത്താൻ പുറന്തള്ളിയ ഏക്കലും ചളിയും മണ്ണും കായലിൽതന്നെ നിക്ഷേപിച്ചതാണ് എക്കൽ അടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലം പണി നടക്കുന്ന സമയത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ സമരത്തിന് ഇറങ്ങിയതാണ്. വികസനത്തിന്റെ പേരിൽ തൊഴിലാളികളെ പ്രക്ഷോഭത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് രാഷ്ട്രീയ പാർട്ടികളാണ്. പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന തീരദേശപാതയിലെ അരൂർ-കുമ്പളം റെയിൽവേ പാലം പണിക്ക് മുമ്പ് കായലിൽ തൂണുകൾ താഴ്ത്തുമ്പോൾ പുറന്തള്ളുന്ന എക്കലും ചളിയും മണ്ണും കായലിൽ തള്ളാതിരിക്കാൻ കരാറുകരുടെ വ്യവസ്ഥകളിൽ നിബന്ധന ഉണ്ടായിരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കായലിൽ ദ്വീപുകൾ രൂപപ്പെടുന്ന പ്രതിഭാസത്തിന്റെ ഫലമായാണ് വർഷങ്ങൾക്കു മുമ്പ് കായൽ കരയിലേക്ക് ഒഴുകിയ സംഭവം ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. കായലിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്യാനുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. കുമ്പളങ്ങി കായലിൽനിന്ന് നൂറുകണക്കിന് ചീനവലകൾ തീരമൊഴിയാൻ കാരണം കായലിന്റെ ആഴക്കുറവാണ്. കായൽ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.