ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്‍റെ പത്തടിപ്പാടത്ത് നെൽകൃഷിയുടെ കാഴ്ച

പത്തടിപ്പാടത്ത് കൊയ്ത്തുപാട്ടിന്‍റെ ഈരടി

അരൂർ: അരൂരിലെ നെൽവയലുകളിൽ കൊയ്ത്തുപാട്ടിന്‍റെ ഈണം മുറിയാതെ കേൾക്കുന്നത് പത്തടിപ്പാടത്തുനിന്നുമാത്രം. മത്സ്യകൃഷിക്ക് മാത്രമായി അരൂരിലെ പാടങ്ങൾ ഉപ്പുവെള്ളക്കെട്ടുകളായി പരിസ്ഥിതിക്ക് ഹാനിയായി നിലനിൽക്കുമ്പോൾ, 1986ൽ തുടങ്ങിയ നെൽകൃഷി ഇടതടവില്ലാതെ തുടരുകയാണ് ചന്തിരൂർ ശാന്തിഗിരി ജന്മഗൃഹാശ്രമം. ആശ്രമത്തിന് മുന്നിലെ പത്തടിപ്പാടത്താണ് നെൽകൃഷി നടത്തുന്നത്.

വിത്ത് വിതക്കുന്നത് മുതൽ കൃഷിയുടെ ഓരോ ഘട്ടവും ആസ്വദിക്കുകയാണ് ഇവിടെയെത്തുന്നവർ. പച്ച വിരിച്ച വലിയ നെൽപാടം ഇപ്പോഴത്തെ തലമുറക്ക് പുത്തൻ കാഴ്ചയാണ്. കൊയ്ത്തുകാലമാകുമ്പോൾ സമീപത്തെ സ്കൂളുകളിൽനിന്നും നെൽപാടം കാണാനും കൊയ്ത്തും മെതിയും പരിചയപ്പെടാനും കുട്ടികളെ ആശ്രമത്തിലെ പത്തടിപ്പാടത്ത് എത്തിക്കാറുണ്ട്.

'ഒരു മീനും ഒരു നെല്ലും' എന്ന നെൽകൃഷിയുടെ സർക്കാർ ആപ്തവാക്യം ഇവിടെ സ്വീകാര്യമല്ല. ആശ്രമം വക പത്തടിപ്പാടത്ത് മത്സ്യകൃഷിയില്ല. ഉള്ളത് നെൽകൃഷി മാത്രം. നെൽകൃഷി ഒഴിയുമ്പോൾ മത്സ്യങ്ങൾ യഥേഷ്ടം പാടത്തേക്ക് കടക്കാനും വളരാനും തടസ്സമില്ല. അതുകൊണ്ടുതന്നെ കാർഷിക കലണ്ടറിൽ പറയുന്ന പ്രകാരം മാർച്ച് 31നുതന്നെ വെള്ളം വറ്റിച്ച് കൃഷിയിലേക്ക് കടക്കാൻ കഴിയും. ആദ്യകാലങ്ങളിൽ വെളുത്ത എന്ന കർഷകത്തൊഴിലാളിയാണ് നെൽകൃഷിക്ക് നേതൃത്വം നൽകിയിരുന്നത്. വെളുത്തയുടെ കാലശേഷം മകൻ ഉത്തമനാണ് കർത്തവ്യം ഏറ്റെടുത്തിട്ടുള്ളത്.

കൃഷിപരിചയവും പരിജ്ഞാനവും താൽപര്യവുമുള്ള ആശ്രമവിശ്വാസികളാണ് കൃഷിവേലകൾ ചെയ്യുന്നത്. താലൂക്കിൽ ഇങ്ങനെയുള്ളവർ ഏറെയുണ്ടെന്നും കൃഷി ഒരുക്കം മുതൽ അരിയാക്കുന്നതുവരെയുള്ള ജോലികൾ താൽപര്യപൂർവം ചെയ്യുന്നുണ്ടെന്നും ഉത്തമൻ പറഞ്ഞു. രാസവളങ്ങൾ ആവശ്യമില്ലാത്ത ജൈവ പൊക്കാളി ഇനമായ ചെട്ടുവിരിപ്പ് വിത്താണ് വിതക്കുന്നത്.

എല്ലാ വർഷവും നൂറുമേനിയാണ് വിളവ്. തികച്ചും കാർഷിക മേഖലയായിരുന്ന അരൂരിൽ ഹെക്ടർ കണക്കായ വിസ്തൃതിയിൽ പാടശേഖരങ്ങൾ നിരവധിയാണ്. ഈ നെൽപാടങ്ങളിൽനിന്ന് കൊയ്ത്തുപാട്ട് ഒഴിഞ്ഞിട്ട് കാലമേറെയായി. അരൂരിലെ വലിയ പാടശേഖരങ്ങളായ കുമ്പഞ്ഞിയിലും ഇളയപാടത്തും നെൽകൃഷി നിലനിർത്താൻ കർഷകസംഘങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും കിണഞ്ഞ് പരിശ്രമിച്ചിരുന്നു.

എന്നാൽ, ആവശ്യമായ സഹായങ്ങൾ സർക്കാറിൽനിന്ന് ലഭിക്കുന്നില്ലെന്ന് ആരോപിച്ചും തൊഴിലാളികളെ കൃഷിവേലക്ക് കിട്ടുന്നില്ലെന്ന് പരിതപിച്ചും നെൽകൃഷിയെ കൈവിട്ടു. ഏറെ ലാഭകരമായ മത്സ്യകൃഷിയിലേക്ക് പൂർണമായും മാറി. ഇപ്പോൾ പേരിനുമാത്രം ചിലയിടങ്ങളിൽ നെൽകൃഷി നടക്കുന്നുണ്ട്. പച്ചപ്പ് വിരിഞ്ഞുനിൽക്കുന്ന നെൽപാടങ്ങളുടെ മനോഹരകാഴ്ച അരൂരിൽ ഇപ്പോൾ പത്തടിപ്പാടത്ത് മാത്രമാണ്.

Tags:    
News Summary - The melody of the harvest song in the paddy fields of Aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.