അരൂർ: കണക്കത്ത് വീട്ടിൽ കെ.വി. ഷാജിയും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന പട്ടികജാതി കുടുംബം മൂന്നുവർഷം മുമ്പ് അരൂർ പത്തൊമ്പതാം വാർഡിൽ മാടശ്ശേരി റോഡിനു സമീപത്തെ പടിക്കപറമ്പിൽ പണയത്തിനെടുത്ത വീട് ജപ്തി ഭീഷണിയിൽ.
ഓണം കഴിഞ്ഞാൽ എറണാകുളത്തെ ഡി.സി.ബി ബാങ്ക് ജപ്തി ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പണയത്തിന് കൊടുത്ത കാശും നഷ്ടപ്പെട്ട് തലചായ്ക്കാൻ ഇടമില്ലാതായ കുടുംബം ഓണം കഴിഞ്ഞാൽ തെരുവിലേക്ക് ഇറങ്ങേണ്ടിവരും. മൂന്നുവർഷത്തിനു മുമ്പാണ് ഷാജിയും കുടുംബവും പള്ളുരുത്തി മുണ്ടംവേലി, കോസ്റ്റ് ഗാർഡ് റസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന ജോസഫ് ധനുസിന്റെ അരൂരുള്ള വീട്ടിൽ കരാർ പ്രകാരം രണ്ടു ലക്ഷം രൂപ നൽകി താമസം തുടങ്ങിയത്. ഈ വീട് പണയപ്പെടുത്തി ഉടമസ്ഥനായ ജോസഫ് ധനുസ് ഡി.സി.ബി ബാങ്ക് കൊച്ചി ശാഖയിൽനിന്ന് എടുത്ത വായ്പതിരിച്ചടവ് മുടങ്ങിയതിനാൽ 9,53,459 രൂപക്ക് ജപ്തി നോട്ടീസ് അഞ്ചുദിവസം മുമ്പാണ് വീട്ടിൽ പതിച്ചത്.
ജോസഫിനെ കണ്ടെത്താനാകാത്തതിനാണ് ജപ്തിയുമായി മുന്നോട്ടുപോകുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഓണം കഴിഞ്ഞാൽ ഷാജിയോടും കുടുംബത്തോടും ഒഴിഞ്ഞു പോകാനാണ് ബാങ്ക് അധികൃതരുടെ നിർദേശം. പണയത്തുക തിരിച്ചു വാങ്ങി മറ്റേതെങ്കിലും വീട് വാടകക്കെടുത്ത് താമസിക്കാൻ ജോസഫിനെ പലവട്ടം ബന്ധപ്പെടാൻ ഷാജി ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
ഷാജി അരൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസുകാരും നിസ്സഹായത വെളിപ്പെടുത്തി. ഫലത്തിൽ പണയം നൽകിയ പണം തിരികെ കിട്ടാതെ എങ്ങോട്ടെന്നറിയാതെ വീടുവിട്ടിറങ്ങേണ്ട ഗതികേടിലാണ് കുടുംബം. പ്ലസ്ടുവിന് പഠിക്കുന്നതും രണ്ടര വയസ്സുള്ളതുമായ രണ്ട് പെൺകുട്ടികളാണ് ഷാജിക്കുള്ളത്. പെയിന്റിങ് തൊഴിലാളിയായ ഷാജിയും പല വീടുകളിൽ വീട്ടുവേലകൾ ചെയ്തുകൊണ്ടിരുന്ന ഭാര്യ ശ്രീജയും രോഗാവസ്ഥയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.