അരൂർ: മാളിയേക്കൽ ടോമി മരത്തിൽ കൊത്തിയെടുത്തത് അനേകരൂപങ്ങൾ. 65ാം വയസ്സിലും ഇനിയും രൂപപ്പെടുത്താനുള്ള മുഖങ്ങളും അലങ്കാരങ്ങളും ടോമിയുടെ മനസ്സിൽ നിറയുകയാണ്. ശ്രദ്ധയോടെയും സൂഷ്മതയോടെയും ക്ഷമയോടെയും ചെയ്യേണ്ട കൊത്തുപണി ഇന്ത്യയുടെ തനത് പരമ്പരാഗത ശൈലിയിൽ യന്ത്രങ്ങൾ ഉപയോഗിക്കാതെയാണ് ടോമിയുടെ നിർമാണം. കൊത്തുപണികളിലെ വൈവിധ്യങ്ങളും കൗതുകങ്ങളും വിവരിച്ചുനൽകാനും ടോമിക്ക് ഗ്രാഹ്യമുണ്ട്. മട്ടാഞ്ചേരിയിൽ ജൂത തെരുവിലെ പുരാവസ്തുക്കൾ വിൽക്കുന്ന കടകളിലേക്ക് അവർ ആവശ്യപ്പെടുന്ന കരകൗശല വസ്തുക്കൾ ചെയ്തുകൊടുക്കാറുണ്ട്. കേരളത്തിലെ പ്രസിദ്ധങ്ങളായ ക്രിസ്ത്യൻ ദേവാലയങ്ങളിലെ അൾത്താരകളിൽ ടോമിയുടെ കൊത്തുപണി കാണാം.
ഇടക്കൊച്ചിയിലാണ് ജനിച്ചുവളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ടോമി കടലാസിൽ പല രൂപങ്ങളും വരക്കുമായിരുന്നു. വീടിനടുത്ത് തടികളിൽ കൊത്തുപണി ചെയ്ത് കയറ്റിയയക്കുന്ന സ്ഥാപനമുണ്ടായിരുന്നു. തൃശൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും വന്നു താമസിച്ചു ജോലിചെയ്യുന്ന അനേകം തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ചിലർ മൃഗങ്ങളുടെ രൂപങ്ങൾ തടിയിലേക്ക് പകർന്നപ്പോൾ മറ്റു ചിലർ മനുഷ്യരൂപങ്ങളാണ് തടിയിൽ ഒരുക്കിയത്. കൗതുകത്തോടെ ടോമി അതെല്ലാം നോക്കിനിന്നു. കണ്ടുകണ്ട് അതിനോട് താൽപര്യം വളർന്ന് ടോമിയും ഒരു കൊത്തുപണിക്കാരനായി.
ഉളിയും കൊട്ടുവടിയും കൈയിൽ കിട്ടിയപ്പോൾ ഇതുകൊണ്ട് ജീവിക്കാമെന്ന് ധൈര്യം കിട്ടിയതുപോലെയായി. ഒമ്പതാം ക്ലാസിൽവെച്ച് പഠനം നിർത്തി, കൊത്തുപണി പഠിക്കാൻ തുനിഞ്ഞു. പതിനെട്ടാം വയസ്സിൽ പണിക്കാരനായി.
ഭാര്യയും രണ്ടു മക്കളും ടോമിയും അടങ്ങുന്ന കുടുംബം ഇടക്കൊച്ചിയിൽ താമസിക്കുമ്പോൾ മകളുടെ വിവാഹാവശ്യത്തിന് വീട് വിൽക്കേണ്ടിവന്നു. അരൂരിൽ ഒരു വീടുവാങ്ങി, 10 വർഷമായി അരൂരിലാണ് താമസം.
ആൺമകനും ജോലിക്കുപോകുന്നുണ്ട്. ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളായ ആന്റണിയെയും ക്ലിയോപാട്രയെയും ഫലകത്തിന്റെ ഇരുവശങ്ങളിലും കൊത്തി രൂപം കൊടുത്തതാണ് ടോമിക്ക് ഏറ്റവും പ്രിയം. ഇനിയും കൊത്തി തീർക്കാനുള്ള അനവധി രൂപങ്ങൾ ടോമിയുടെ മനസ്സിൽ തിങ്ങിനിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.