അരൂര്‍: ഉയരപ്പാത നിര്‍മാണ ഭാഗമായി ഒരുക്കിയ സര്‍വിസ് റോഡിലെ പാതാളക്കുഴികളിൽ ദിനേന വാഹനങ്ങൾ വീഴുന്നത് ആശങ്ക വർധിപ്പിക്കുന്നു. ചൊവ്വാഴ്ച കായ കയറ്റിയ ലോറി കുഴിയിൽ ചാടി മറിഞ്ഞു. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തായിരുന്നു അപകടം. എറണാകുളം സ്വദേശിയായ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. മെറ്റലിളകി രൂപപ്പെട്ട ചെറുകുഴികളാണ് വലിയതായി മാറിയത്. ഞായറാഴ്ച വൈകീട്ട് ആറോടെ വൈറ്റിലക്ക് പോകുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇത്തരമൊരു പാതാളക്കുഴിയില്‍ വീണു.
അരൂര്‍ പെട്രോള്‍ പമ്പിന് വടക്കുഭാഗത്തായിരുന്നു സംഭവം. യാത്രക്കാരെ മുഴുവന്‍ ചളി വെള്ളത്തിലേക്കിറക്കി പിന്നാലെ എത്തിയ ബസുകളിലായി കയറ്റിവിട്ടു. യന്ത്രസഹായത്താലാണ് ബസ് ഉയര്‍ത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചന്തിരൂരിൽ പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കുഴിയിൽ കുടുങ്ങി. നിലവില്‍ ചെറുവാഹനങ്ങളൊന്നും പാതാളക്കുഴികള്‍ പേടിച്ച് ഇടതുഭാഗത്തെ സർവിസ് റോഡിലൂടെ കടന്നുപോകുന്നില്ല. ബസുകള്‍, ലോറികള്‍ എന്നിവ മാത്രമാണ് ഇത്തരത്തില്‍ പോകുന്നത്. എന്നാല്‍, കുഴിയില്‍ വീണ് പല വലിയവാഹനങ്ങളുടെയും തകരാറിലാകുന്നത് പതിവായിട്ടുണ്ട്. ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ പലതും സമയത്ത് ഒടിയെത്താന്‍ കഴിയാത്ത സാഹര്യത്തില്‍ ട്രിപ്പുകൾ വെട്ടിച്ചുരുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ അരൂര്‍ എസ്.എന്‍ നഗറിന് തെക്കുഭാഗത്ത് ഇതേ തരത്തില്‍ ഒരുകാറും കുഴിയില്‍ അകപ്പെട്ടു.
സര്‍വിസ് റോഡിനോട് ചേര്‍ന്നുള്ള നിലവിലെ പാതയും അതിവേഗം പൊട്ടിത്തകരുകയാണ്. പ്രതിദിനം 20ഓളം ഇരുചക്ര വാഹന യാത്രികരെങ്കിലും പാതയില്‍ കുഴിയില്‍ വീഴുകയോ, ചളിയില്‍ തെന്നി മറിയുകയോ ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണിക്ക് പല കേന്ദ്രങ്ങളില്‍നിന്ന് നിർദേശം ഉയരുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി കരാറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.