മാരാരിക്കുളം: ഓർമശക്തിയിൽ വിസ്മയമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ഏഴ് വയസ്സുകാരൻ ഗുഡ്മാനെ വീട്ടിലെത്തി അഭിനന്ദിച്ച് എ.എം. ആരിഫ് എം.പി.
മലയാളത്തിലെ പ്രമുഖ കവികളുടെ പേരും നദികളുടെ പേരും നിയമസഭയിലെ പുതിയ മന്ത്രിമാരുടെ പേരും വകുപ്പുമെല്ലാം ഇടതടവില്ലാതെ ഗുഡ്മാൻ പറയുന്നത് കൗതുകത്തോടെ കേട്ട എം.പി, പൊന്നാട അണിയിച്ച് ആദരിച്ചു.
ചെട്ടികാട് എസ്.സി.എം.വി യു.പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായ ഗുഡ്മാൻ ഒരു മിനിറ്റുകൊണ്ട് 83 മലയാള കവികളുടെ പേര് നിർത്താതെ പറഞ്ഞാണ് കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചത്.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് കൊച്ചിക്കാരൻ വീട്ടിൽ ബോണി സെബാസ്റ്റ്യൻ-കാതറിൻ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് ഗുഡ്മാൻ. ഇളയമകൻ ഗോഡ്മാൻ. സിവിൽ സർവിസ് മോഹവുമായി പരിശീലനം നടത്തിയിരുന്ന ബോണി നാല് വയസ്സുള്ളപ്പോൾ മുതൽ മകന് പൊതുവിജ്ഞാനകാര്യങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു.
കേരളത്തിെൻറ അടിസ്ഥാന വിവരങ്ങൾ, സവിശേഷതകൾ, പ്രമുഖർ, മന്ത്രിസഭ, ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ഇതുവരെയുള്ള പ്രധാനമന്ത്രിമാർ, പ്രസിഡൻറുമാർ, ലോകരാജ്യങ്ങൾ, തലസ്ഥാനങ്ങൾ, നൊേബൽ സമ്മാനം നേടിയ 390 വ്യക്തികളുടെ പേരും 118 മൂലകങ്ങൾ, ബൈബിൾ, ഖുർആൻ വചനങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദിച്ചാൽ സ്വിച്ചിട്ടപോലെ നിർത്താതെ ഉത്തരം പറയുന്നതാണ് ഗുഡ്മാെൻറ വൈഭവം.
ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയൻ തോമസ്, സാക്ഷരത ജില്ല കോഓഡിനേറ്റർ കെ.വി. രതീഷ്, ഗ്രാമ പഞ്ചായത്ത് അംഗം ലളിത വിദ്യാധരൻ എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു. തെൻറ ജീവിതത്തിൽ നടക്കാതെ പോയ സിവിൽ സർവിസ് എന്ന സ്വപ്നം മകനിലൂടെ യാഥാർഥ്യമാക്കണമെന്ന ആഗ്രഹവുമുണ്ട് ആലപ്പുഴയിൽ സിവിൽ സർവിസ് കോച്ചിങ് സ്ഥാപനം നടത്തുന്ന ബോണി സെബാസ്റ്റ്യന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.