ആലപ്പുഴ: നിയമപരമായി മാലിന്യ സംസ്കരണം നടത്താത്ത ഹൗസ്ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ ഹൗസ്ബോട്ട് ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) നേതൃത്വത്തിൽ കർശന പരിശോധന ആരംഭിക്കും. ആലപ്പുഴ പുന്നമട ഹൗസ്ബോട്ട് ടെർമിനലിലെയും പരിസരത്തെയും ഹൗസ്ബോട്ടുകളിൽനിന്ന് ജൈവ, അജൈവ മാലിന്യം ശേഖരിക്കുന്ന കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ കർശന ഉപാധികളോടെ മാലിന്യ ശേഖരണം തുടരാനും കൂടുതൽ കേന്ദ്രങ്ങളിലേക്ക് മാലിന്യ ശേഖരണം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഹൗസ്ബോട്ടുകളിൽനിന്ന് ജൈവ, അജൈവ മാലിന്യ ശേഖരണത്തിന് വാർഷിക യൂസർഫീ ഏർപ്പെടുത്തും. ഡി.ടി.പി.സി മുഖാന്തരം ഫീസ് അടച്ച് നിയമാനുസരണം മാലിന്യ നിർമാർജനം നടത്തുന്ന ഹൗസ്ബോട്ടുകൾക്ക് മാത്രമേ പൊലൂഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ എന്നിവ ഇനി മുതൽ ലഭ്യമാകൂ. സബ് കലക്ടർ സൂരജ് ഷാജി, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, പോർട്ട് ഓഫിസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ്, മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടിവ് എൻജീനിയർ സി.വി. സുജാത, ഡി.ടി.പി.സി ഉദ്യോഗസ്ഥർ, ഹൗസ്ബോട്ട് ഉടമ സംഘടന പ്രതിനിധികളായ കെവിൻ റൊസാരിയോ, ജോബിൻ ജോസഫ്, വി. വിനോദ്, കെ. വിജയൻ, എ. അനസ്, കെ.എം. ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.