അരൂരിന്‍റെ തീരത്തടുക്കാതെ കായൽ ടൂറിസം

അരൂർ: കോടികൾ ചെലവഴിച്ചിട്ടും അരൂർ മണ്ഡലത്തിൽ കായൽ വിനോദസഞ്ചാരത്തിന് വഴിതുറന്നില്ല. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായൽത്തീരത്തും അരൂക്കുറ്റി കായൽത്തീരത്തും മനോഹരമായി രൂപകൽപന ചെയ്ത ഹൗസ് ബോട്ട് ടെർമിനലുകളും റസ്റ്റാറന്‍റ്, ടോയ്ലറ്റ്, പാർക്ക് എന്നിവ കോടികൾ മുടക്കി നിർമിച്ചിട്ടും ഒരു ഹൗസ് ബോട്ടുപോലും തീരമണഞ്ഞില്ല. ഒരു സഞ്ചാരിപോലും കാലുകുത്തിയതുമില്ല. ഉപയോഗമില്ലാതെ എട്ട് വർഷം കഴിഞ്ഞപ്പോൾ നിർമിതികളെല്ലാം നശിച്ചുതുടങ്ങി.

ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ചതാണ് മെഗാടൂറിസം സർക്യൂട്ട്. 52.25 കോടിരൂപയുടെ പദ്ധതിക്കാണ് 2014ൽ ഭരണാനുമതി നൽകിയത്. നിർമാണം ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം.

എട്ടു വർഷം കഴിഞ്ഞിട്ടും എങ്ങും എത്തിയിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച അരൂക്കുറ്റി ടെർമിനലിന്റെ ദുരവസ്ഥ ആരെയും ദുഃഖിപ്പിക്കും. അരൂക്കുറ്റി ചൗക്കയിൽ 2.68 കോടി രൂപ മുടക്കിയാണ് ഹൗസ്ബോട്ട് ടെർമിനലുകളും കെട്ടിടങ്ങളും നിർമിച്ചത്. ഇപ്പോൾ മാലിന്യം തള്ളുന്ന ഹബ് ആയി അരൂക്കുറ്റി വില്ലേജ് ഓഫിസിന് സമീപം മാറി.

വൈക്കത്തുനിന്ന് എറണാകുളത്തേക്ക് ദിനേന യാത്ര ചെയ്യുന്ന 'വേഗ' സൂപ്പർ ഫാസ്റ്റ്ബോട്ട് അടുക്കുന്നതിന് ഹൗസ് ബോട്ട് ടെർമിനൽ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ തീരുമാനിക്കുകയും ബോട്ട് അടുക്കുന്നതിന് കടവിൽ ആഴം കൂട്ടാൻ കായലിൽ ഡ്രഡ്ജ് ചെയ്യുന്നതിന് നടപടി ആരംഭിക്കുകയും ചെയ്തതാണ്. കായലിൽനിന്ന് എടുക്കുന്ന മണ്ണിന്‍റെ അവകാശത്തെചൊല്ലിയുള്ള തർക്കം, പണികൾ തടസ്സപ്പെടുത്തി. അതിനിടെ വേഗബോട്ടിന്റെ ഓട്ടവും നിലച്ചു. ഉപയോഗവും ഇല്ലാതായതോടെ നിർമിതികൾ അരൂക്കുറ്റി കായൽത്തീരത്ത് നശിക്കുകയാണ്.

പ്ര​കൃ​തി​ര​മ​ണീ​യം ത​ഴു​പ്പ്

2007ൽ എ.എം. ആരിഫ് എം.എൽ.എയുടെ 'അരൂരിന്റെ ഐശ്വര്യം' പദ്ധതിയിൽ തഴുപ്പും ഉൾപ്പെട്ടു. സ്ഥലം കൈമാറി കിട്ടിയതിനുശേഷം സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തി ഫണ്ടനുവദിച്ചെങ്കിലും നടപ്പായില്ല. പിന്നീട് കേന്ദ്ര ടൂറിസം പദ്ധതിയിൽ 1.50 കോടിയുടെ പ്രോജക്ട് തയാറാക്കിയാണ് മൂന്ന് വർഷം മുമ്പ് പണി പൂർത്തീകരിച്ചത്.

ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചെങ്കിലും ഒരു ഹൗസ് ബോട്ടുപോലും ഇവിടെ എത്തിയിട്ടില്ല. കിഴക്കോട്ട് കുത്തിയതോട് വരെ നീളുന്ന തോടും അനക്കമില്ലാതെ തഴുപ്പു കായലും. പടിഞ്ഞാറ് കടൽ വരെ നീളുന്ന തോടും തോടിന് ഇരുവശവും ഗ്രാമീണ കാഴ്ചകളും വിശാല മത്സ്യപ്പാടങ്ങളും ആരും കൊതിക്കുന്ന കാഴ്ചയാണ്.

മെഗാ സർക്യൂട്ട് ടൂറിസം പദ്ധതിക്കുവേണ്ടി കോടികൾ മുടക്കി പണി ചെയ്തവയാണെങ്കിലും അരൂർ മണ്ഡലത്തിലെ കായൽ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാര വകുപ്പിന് ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതുവഴി അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തിലെയും കായൽത്തുരുത്തുകളെയും ഗ്രാമീണ ജീവിതത്തെയും ബന്ധപ്പെടുത്തി വിനോദസഞ്ചാര പാക്കേജുകൾ ഒരുക്കാം.

കോടിക്കണക്കിന് രൂപയുടെ നിർമിതികൾ ഉപയോഗമില്ലാതെ നശിക്കുന്നതും ഒഴിവാക്കാം. മാത്രമല്ല, മെഗാ സർക്യൂട്ട് ടൂറിസം പദ്ധതി പ്രാബല്യത്തിൽ വരുമ്പോൾ കായൽ വിനോദസഞ്ചാരത്തിന് പാതയൊരുക്കാനും കഴിയും.

പതിറ്റാണ്ടുകൾ മുമ്പുതന്നെ ആസ്വാദ്യത തിരിച്ചറിഞ്ഞ് വിദേശ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയ പ്രദേശമാണ് കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായൽ പ്രദേശം. തഴുപ്പ്ഗ്രാമം മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമാണ്. കായൽക്കാഴ്ചകൾ ആസ്വദിക്കാൻ വിദേശ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന ഇവിടെ വിനോദസഞ്ചാര രംഗത്ത് സ്വകാര്യസംരംഭകർ മാത്രമാണുള്ളത്. തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് ഗ്രാമീണ ജീവിതത്തിന്‍റെ നേർക്കാഴ്ചകൾക്ക് ജർമനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുമുതൽ ഇവിടം തേടി വിനോദസഞ്ചാരികൾ എത്താറുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് സർക്കാർ ഒന്നും ചെയ്തു കൊടുക്കേണ്ടതില്ല. സ്ഥലങ്ങൾ വൃത്തിയും വെടിപ്പുമാക്കാനും വള്ളത്തിൽ സഞ്ചരിക്കുന്ന ഉൾനാടൻ ജലാശയങ്ങൾ മാലിന്യ മുക്തമാക്കാനും ജലയാത്രയെ തടസ്സപ്പെടുത്തുന്ന പായലുകൾ ഒഴിവാക്കാനും ത്രിതല പഞ്ചായത്ത് വികസനപദ്ധതികൾക്ക് കഴിയണം.

എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം കോടികളുടെ നിർമാണപ്രവർത്തനങ്ങൾക്കാണ് കുത്തിയതോട് തഴുപ്പിലും അധികൃതർ തയാറായത്. മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലുൾപ്പെടുത്തി കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ തഴുപ്പു കായൽത്തീരത്ത് നിർമിച്ച ഹൗസ് ബോട്ട് ടെർമിനലും കുട്ടികളുടെ പാർക്കും ഉദ്ഘാടനം നടക്കാതെ കാടുകയറി കിടക്കുന്നു. ഇപ്പോൾ തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണിവിടം.

1.35 കോടി വിനിയോഗിച്ച് നാലുവർഷം മുമ്പാണ് ഹൗസ് ബോട്ട് ടെർമിനലിനൊപ്പം കുട്ടികളുടെ പാർക്ക്, കോഫി ഹൗസ്, വിശ്രമിക്കാനുള്ള സൗകര്യം, ടോയ്ലറ്റ് എന്നിവ നിർമിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതാണ്.

എന്നാൽ, ടൂറിസം കേന്ദ്രത്തിലേക്കുള്ള തഴുപ്പിലെ പ്രധാന റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നതിനാൽ ഉദ്ഘാടനം നീട്ടി. 10 മാസം മുമ്പ് 45 ലക്ഷം രൂപ ചെലവിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പ് റോഡിന്റെ പുനർനിർമാണം പൂർത്തീകരിച്ചു. ടൂറിസം കേന്ദ്രം തുറക്കാതെ കാടുകയറിയും തുരുമ്പെടുത്തും നശിച്ചതോടെ കോടിക്കണക്കിന് രൂപയാണ് പാഴാകുന്നത്.

Tags:    
News Summary - Backwater tourism off the coast of Aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.