കായംകുളം: ബുദ്ധമത സംസ്കൃതിയോട് ചേർന്നുനിൽക്കുന്ന അടയാളവാക്യങ്ങളും കൂടിച്ചേർന്നതാണ് ഭരണിക്കാവ് പഞ്ചായത്തിലെ സ്ഥലനാമ ചരിത്രത്തിലെ പ്രത്യേകത. ബുദ്ധഭിക്ഷുക്കൾ ഒന്നിച്ചിരുന്ന് ധ്യാനിച്ച സ്ഥലം എന്ന നിലയിലാണ് പള്ളിക്കൽ എന്ന പേര് വന്നതത്രെ. പുത്തരച്ചൻ എന്നറിയപ്പെടുന്ന ബുദ്ധപ്രതിമ ഭരണിക്കാവ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഇടംപിടിച്ചത് ബുദ്ധപാരമ്പര്യത്തിന് തെളിവായി ഉയർത്തിക്കാട്ടുന്നു. ബുദ്ധരാജാവ് പുത്തരച്ചനായി മാറി എന്നാണ് വാമൊഴി വഴക്കത്തിലൂടെ കൈമാറിയിരിക്കുന്നത്. മീനമാസത്തിലെ ഭരണി നാളിൽ ഉത്സവം ആഘോഷിക്കുന്ന കാവുള്ള ദേശം എന്നതിനാലാണ് ഭരണിക്കാവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. മഞ്ചാടിമരം ഉള്ള പ്രദേശം മഞ്ചാടിത്തറയായും മാറി. ഉറപ്പുകൂടിയ മണ്ണുള്ള പ്രദേശം നിലയിലാണ് കട്ടച്ചിറ രൂപംകൊണ്ടത്.
മരവെട്ടിയുള്ള സ്ഥലം വെട്ടിക്കോടായും മൺകുഴിയുള്ള ദേശം മങ്കുഴിയായും മാറി. നിലം മെഴുകാനുള്ള മണ്ണെടുക്കുന്ന സ്ഥലമായതിനാലാണ് മൺകുഴിയായതെന്നാണ് പറയുന്നത്. ഓലകെട്ടിയ വഴിയമ്പലമുള്ള പ്രദേശം ഓലകെട്ടിയമ്പലവുമായി. തെങ്ങോലയാൽ കെട്ടി മേഞ്ഞിരുന്ന കാലത്തെയും സ്ഥലനാമം ഓർമപ്പെടുത്തുന്നു. കറ്റ കാണമായി കാഴ്ചവെച്ച നാട് കറ്റാനമായി മാറിയെന്നും ഭരണിക്കാവിലെ സ്ഥലനാമ ചരിത്രം രേഖപ്പെടുത്തുന്നു.
പല സ്ഥലനാമങ്ങളും വാമൊഴി കൈമാറ്റത്തിലൂടെ ആദ്യകാലത്തുണ്ടായിരുന്നതിൽനിന്ന് മാറ്റം സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ, സ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ എന്നിവയോട് ചേർന്നാണ് പല സ്ഥലനാമങ്ങളും രൂപപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.