ആലപ്പുഴ: പക്ഷിപ്പനി ബാധയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പഠന സംഘത്തിന്റെ റിപ്പോർട്ടിലുള്ളത് രോഗബാധ തടയുന്നതിനുള്ള സമഗ്ര നിർദേശങ്ങൾ. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസൻസും നിർബന്ധമാക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് സ്ക്രീനിങ് നടത്തണം. പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ, സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിങ് നടത്തണം. ഒരു താറാവുവളർത്തൽ കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ എണ്ണത്തിനെ മാത്രം വളർത്താനേ അനുമതി നൽകാവൂ.
ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്ത് ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം. അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്കരണത്തിന് ലൈസൻസ് നൽകണം. കോഴി/താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം.
‘നഷ്ടപരിഹാരം വൈകില്ല’
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനിയെ തുടർന്ന് കള്ളിങ് നടത്തിയവക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രഫണ്ട് വരുംവരെ കാക്കാതെ സംസ്ഥാനം കോര്‍പ്പസ് ഫണ്ടില്‍ നിന്ന് പണം നല്‍കും. കേരളം 90ഉം കേന്ദ്രത്തിന്റെ പത്തും ചേര്‍ത്ത് ഒരു കോഴിക്കുഞ്ഞിന് 100 രൂപയാണ് നല്‍കുന്നത്. ഫെബ്രുവരി വരെയുള്ള നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 37 പ്രഭവകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഇതുവരെ 1,87,880 പക്ഷികളെ കൊന്നു. 41,144 മുട്ടകളും 97.1 ടണ്‍ തീറ്റയും നശിപ്പിച്ചു. സാധാരണ താറാവുകളിലാണ് ഏറ്റവും കൂടുതലായി രോഗം കാണപ്പെടുന്നത്. ഇത്തവണ അത് ബ്രോയിലര്‍ കോഴികളിലേക്കും വ്യാപിച്ചു.
അവയില്‍ നിന്ന് മറ്റ് പറവകളിലേക്കും പടര്‍ന്നു. പക്ഷിപ്പനി കണ്ടെത്തുന്നതിന് കേരളത്തിലെ ലാബുകളെ ബി.എസ്.എല്‍ 3 നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തരമായി നടപ്പാക്കേണ്ടവ
- ചത്ത പക്ഷികളുടെ അവശിഷ്ടങ്ങളും ഫാമുകളിലെയും അറവുശാലകളിലെയും അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക. അതുവഴി കാക്കയും പരുന്തും പോലുള്ള പറവകളുമായി സമ്പർക്കം ഒഴിവാക്കുക.
- എല്ലാ ജില്ലകളിൽനിന്നും മൂന്നു മാസത്തിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുക.
- ചെക്ക്പോസ്റ്റുകളിൽ ശക്തമായ നിരീക്ഷണവും ജൈവ സുരക്ഷ പരിശോധനയും ശക്തമാക്കുക.
- ഒരു പ്രദേശത്ത് ഏതെങ്കിലും സാഹചര്യത്തിൽ സ്വകാര്യ ഫാമുകളിൽ പക്ഷികളിൽ അസുഖം ഉണ്ടാകുന്ന പക്ഷം എത്രയും പെട്ടെന്ന് അടുത്ത മൃഗാശുപത്രിയിൽ വിവരം കർശനമായി അറിയിക്കാൻ നിയമപരമായ തീരുമാനം ഉണ്ടാവുക.
- ബ്രോയിലർ ഇന്റഗ്രേഷൻ ഫാമുകളുടെ നടത്തിപ്പിന് മൃഗാശുപത്രികളിൽ അവയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുക. അതിനായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക.
- കുട്ടനാട് മേഖലയിലും ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന മേഖലകളിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
- കോഴിക്കർഷകരിലും ദ്രുത പ്രതികരണ ടീം അംഗങ്ങളിലും ആരോഗ്യവകുപ്പ് മുഖേന ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കുക.
ദീർഘകാല പദ്ധതികൾ
- ദേശാടനപ്പക്ഷികളിൽനിന്ന് അസുഖം പടരാൻ സാധ്യതയുള്ളതിനാൽ കുട്ടനാട് മേഖലയിൽ താറാവുകളെ പാടത്തും കായലിലും തുറന്നുവിട്ട് വളർത്തുന്ന രീതി മാറ്റി കൂടുകളിലും ഫാമുകളിലും വളർത്തുക. കൂടുകളിലും ഫാമുകളിലും വളർത്തുന്ന രീതിയുടെ സാമ്പത്തിക വശങ്ങൾ വിശദമായി പഠിച്ച് അത് ലാഭകരമായി നടത്താൻ കഴിയുന്നതാണെങ്കിൽ നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുക.
- പക്ഷിപ്പനി ബാധിത മേഖലകളിൽ കേന്ദ്ര-സംസ്ഥാന ഏകാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
- വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പോലെയുള്ള മേഖലകളിലെ താറാവ് വളർത്തൽ കേന്ദ്രങ്ങളിലും ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന മേഖലകളിലും പക്ഷിപ്പനി വൈറസ് സാന്നിധ്യം നിലനിൽക്കുന്നതിന് സഹായകരമാകുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സമഗ്ര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.
- കുട്ടനാട് മേഖലയിൽ അടിക്കടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന രോഗപ്രതിരോധ മാർഗങ്ങളിലൊന്നായ വാക്സിനേഷൻ നടത്തുന്നതിന് കേന്ദ്രാനുമതി വാങ്ങുകയും അത് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുക.
നടപ്പാക്കേണ്ട സമീപകാല പദ്ധതികൾ
- ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും(ബി.എൻ.എച്ച്.എസ്) മറ്റ് എൻ.ജി.ഒകളുടെയും സഹായത്തോടെയും വനം- വന്യജീവി വകുപ്പിന്റെ അനുമതിയോടെയും ദേശാടനപ്പക്ഷികളുടെയും പറവകളുടെയും സഞ്ചാരപഥം നിരീക്ഷിക്കുകയും അവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നൽകുന്നതിം നടപടി സ്വീകരിക്കുക.
- പക്ഷിപ്പനി നിയന്ത്രണ വിധേയമാകുംവരെ രോഗബാധിത പ്രദേശങ്ങളിൽ താറാവിന്റെ എണ്ണം ക്രമേണ കുറക്കുക.
- ഓരോ നാലുമാസം കൂടുമ്പോഴും കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിങ് നടത്തേണ്ടതാണ്.
- തൊഴിലാളികളുടെ ശുചിത്വവും ജൈവസുരക്ഷാ രീതികളും ഉറപ്പാക്കണം.
- കുട്ടനാട് മേഖലയിൽ സഞ്ചരിക്കുന്നതും ജൈവ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയതുമായ ഇറച്ചി സംസ്കരണ യൂനിറ്റുകൾ പ്രവർത്തനക്ഷമമാക്കുക.
- അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി/താറാവ് ഇറച്ചി സംസ്കരണത്തിന് ലൈസൻസ് നൽകുക.
- ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കുക. അവയെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമാനുസൃതം സംസ്കരിക്കുക.
- കുട്ടനാട് മേഖലയിൽ നിന്ന് പുറത്തുള്ള പഞ്ചായത്തുകളിലേക്ക് കോഴിയിറച്ചിയുടെയും മുട്ടയുടെയും വിൽപന പാടില്ല.
- ദേശീയ പഠന ഏജൻസികളുമായി ചേർന്ന് കേരളത്തിലെ പക്ഷിപ്പനിയെ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുക.
- പഞ്ചായത്ത് തലത്തിൽ തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യം, റവന്യൂ, ആഭ്യന്തരം, വനം- വന്യജീവി വകുപ്പുകളെ ഏകോപിച്ച് ഏകാരോഗ്യ സമിതികൾ രൂപവത്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.