ആലപ്പുഴ: കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ഉൾെപ്പടെ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെനിന്ന് എടുത്ത സാമ്പിളുകള്‍ ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിെൻറ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. കലക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു.
എച്ച്5 എന്‍8 വിഭാഗത്തിൽപെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 12ഒാടെ കള്ളിങ് ആരംഭിച്ചു.
കൈനകരിയില്‍ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് 10 അംഗ റാപിഡ് െറസ്പോണ്‍സ് ടീം രൂപവത്കരിച്ചു. വെറ്ററിനറി ഡോക്ടർ ഉള്‍പ്പെടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും.
രണ്ട് ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, പൊലീസ് ഉദ്യോഗസ്ഥന്‍, രണ്ട് പണിക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആര്‍.ആര്‍.ടി. ഒരു ദിവസംകൊണ്ട് കള്ളിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കോഴികള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്ന് പ്രത്യേക മാര്‍ഗനിർദേശ പ്രകാരം കത്തിക്കും.
ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസാര തുടങ്ങിയ സാമഗ്രികള്‍ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കലക്ടര്‍ നിർദേശിച്ചു.
കള്ളിങ് ആരംഭിച്ചു
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവിെല പക്ഷികളെ കൊന്നുനശിപ്പിക്കുന്ന കള്ളിങ് നടത്തി. പഞ്ചായത്തിലെ 10, 11 വാർഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42 കിലോ തീറ്റ എന്നിവയാണ് നശിപ്പിച്ചത്. അഞ്ച് ആർ.ആർ.ടികളാണ് ബുധനാഴ്ച ജോലിയില്‍ ഏര്‍പ്പെട്ടത്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.കെ. സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി. അടുത്ത ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.