അരൂർ: കേരളത്തിന് ഇനിയും നഷ്ടമാകാത്ത സൗന്ദര്യമാണ് കടത്തുവള്ളങ്ങൾ. വേമ്പനാട്ടുകായലും കൈതപ്പുഴക്കായലും മറ്റനേകം ചെറുകായലുകളും തോടുകളും കൊണ്ട് സമ്പന്നമായ അരൂർ മേഖലയിൽ ജലയാത്രകൾക്കും മത്സ്യബന്ധനത്തിനും കാർഷിക ജോലികൾക്കും മറ്റുകായലിലെ പണികൾക്കും വള്ളങ്ങൾ അനിവാര്യമായിരുന്നു.
പഴയതിരുവിതാംകൂറിന്റെ ഭാഗമായിരുന്ന അരൂർ മേഖലയിൽ റോഡ് ഗതാഗതത്തേക്കാൾ ജലഗതാഗതത്തെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്. അതിനാൽ കായലുകളെ ബന്ധിപ്പിക്കുന്ന വലിയ തോടുകൾ ഗതാഗതസൗകര്യത്തിനായി നാടിന്റെ തലങ്ങും വിലങ്ങും രാജഭരണ കാലത്ത് കുഴിച്ചിരുന്നു. കുത്തിയതോടും ചന്തിരൂർ പുത്തൻതോടും പൂച്ചാക്കൽ തോടും അവയിൽ ചിലതു മാത്രം. വള്ളങ്ങളെ മാത്രം ആശ്രയിക്കുന്ന യാത്രകൾ പതിറ്റാണ്ടുകൾക്ക് മുമ്പുവരെ കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രമായിരുന്നു.
ജോലിക്ക് കൂലി ആഹാരം എന്ന വ്യവസ്ഥയിൽ പോലും അരൂർ മേഖലയിൽ നിരവധി വലിയ തോടുകൾ കുഴിച്ചിരുന്നു. ഈതോടുകൾ വലിയ വള്ളങ്ങളിൽ കാർഷിക വിഭവങ്ങളും നിർമാണ സാമഗ്രികളും എത്തിക്കാൻ ആയിരുന്നെങ്കിലും ചെറുവള്ളങ്ങളിലെ ജലയാത്ര നാട്ടുകാരുടെ ജീവിതയാത്രയായിരുന്നു. വഞ്ചിനിർമിക്കാൻ ഏറ്റവും അനുയോജ്യമായ ആഞ്ഞിലിത്തടികൾ കേരളത്തിൽ സുലഭമായിരുന്നു. വള്ളം പണിയാൻ വിദഗ്ധരായ തൊഴിലാളികൾ പരമ്പരാഗതമായി തന്നെ കേരളത്തിലുണ്ടായിരുന്നു. കായലുകളും തോടുകളും വേർതിരിക്കപ്പെട്ട കരകളിലെ ആളുകൾക്ക് തമ്മിൽ ബന്ധപ്പെടാൻ വള്ളങ്ങൾ മാത്രമായിരുന്നു ആശ്രയം.
കായലുകൾക്ക് കുറുകെ ഓരോ പാലങ്ങളും നിർമിക്കുന്നത് വരെ നിലവിലുണ്ടായിരുന്ന കടത്തുവള്ളങ്ങൾക്ക് ഒട്ടേറെ ചരിത്രവും ജീവിതവും പറയാനുണ്ട്. അരൂർ മേഖലയിൽ തന്നെ എടുത്തു പറയാവുന്ന എത്രയോ വള്ളക്കടത്തുകൾ ഉണ്ടായിരുന്നു. പെരുമ്പളം-പാണാവള്ളി, അരൂർ-അരൂക്കുറ്റിഫെറി, അരൂർ - കുമ്പളങ്ങിഫെറി, കുമ്പളങ്ങി-അമ്മനേഴംഫെറി, അരൂർ -കുമ്പളം ഫെറി അവയിൽ ചിലതു മാത്രം. ഭൂപ്രകൃതിയുമായി വളരെയധികം ഇണങ്ങിപ്പോകുന്ന വള്ളവും വെള്ളവും ആധുനിക ജലയാനങ്ങൾ എത്ര പുരോഗമിച്ചാലും കേരളത്തിന് പൂർണ്ണമായും നഷ്ടമാകാൻ മലയാളികൾ സമ്മതിക്കില്ല. റോഡ് ഗതാഗതം അനുദിനം പുരോഗമിക്കുമ്പോഴും ശാന്തവും സുന്ദരവും പ്രകൃതിയോടിണങ്ങുന്നതുമായ ജലയാത്രകളെ ആധുനിക സമൂഹം ജീവിതത്തിലേക്ക് അടുപ്പിക്കുകയാണ്. ഇനിയും പാലം എത്താത്ത ദ്വീപുകളിൽ ജനങ്ങൾ യാത്രക്ക് ഉപയോഗിക്കുന്ന ജലയാനങ്ങൾ ഗ്രാമത്തിന്റെ ഭംഗിയായി എത്രനാൾ കൂടി ശേഷിക്കുമെന്ന് അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.