എടത്വ: പാണ്ടിപ്പുത്തനാറ്റില് കടത്ത് നിലച്ചതോടെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയില്‍. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറിന്റെ മറുകരകളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്ന കടത്ത് വള്ളമാണ് നിലച്ചത്. ചെറുതന, പാണ്ടി ഭാഗങ്ങളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ എടത്വ, പോച്ച തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്.
പതിറ്റാണ്ടുകളോളം കടത്തുവള്ളം തുഴഞ്ഞിരുന്ന പാണ്ടി സ്വദേശി ജോയപ്പന് പ്രായാധിക്യമായ അവശതകള്‍ മൂലം പണി നിര്‍ത്തിയെങ്കിലും ജോയപ്പന്റെ ഭാര്യ സ്കൂള്‍ വിദ്യാര്‍ഥികളെ മറുകര എത്തിച്ചിരുന്നു. ഇവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് കടത്ത് പൂര്‍ണമായി നിലച്ചത്. പോച്ച - ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യു.പി സ്കൂള്‍, ലൂര്‍ദ് മാതാ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
എടത്വ ഐ.ടി.ഐ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥിനികള്‍ എത്തിയിരുന്നത് പാണ്ടി കടവ് കടന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലെ ചെക്കിടിക്കാട് മില്‍മ ജങ്ഷനില്‍ എത്തിയാണ്.കടത്ത് നിലച്ചതോടെ പോച്ച സ്കൂളില്‍നിന്ന് വിടുതല്‍ വാങ്ങി മറ്റ് സ്കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുകയാണ്. ഇവിടെ പഠിച്ചിരുന്ന നിരവധി വിദ്യാര്‍ഥികള്‍ ആയാപറമ്പ്, ഹരിപ്പാട്, കരുവാറ്റ പ്രദേശങ്ങളിലേക്ക് മാറി തുടങ്ങി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂള്‍ അധികൃതര്‍ ചെറുതന പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്.
എടത്വ - തകഴി സംസ്ഥാന പാതയിലെ ആദ്യ ഇടറൂട്ടായ ചെക്കിടിക്കാട് - പാണ്ടി - ഹരിപ്പാട് റോഡിനെ ആശ്രയിക്കുന്നവർക്കാണ് കടത്തുവള്ളം ഇല്ലാത്തതിനാൽ ദുരിതം. നാല് പതിറ്റാണ്ട് മുമ്പ് പി.ഡബ്ല്യു.ഡി ഇടറൂട്ടിന് അനുമതി നല്കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. റോഡ് നിര്‍മാണത്തിലെ തടസ്സവും പുത്തനാറ്റില്‍ പാലം നിര്‍മിക്കാനുള്ള ഫണ്ട് ലഭ്യമാക്കാത്തതുമാണ് റോഡ് നിര്‍മാണത്തിന് തടസ്സമായത്. ഹരിപ്പാട് - ചെറുതന - പാണ്ടി റോഡ് നിര്‍മാണം പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയായിരുന്നു. എടത്വ - തകഴി സംസ്ഥാന പാതയില്‍നിന്ന് പാണ്ടിക്കടവിന് മറുകരയുള്ള ചെക്കിടിക്കാട് കടവ് വെരയും റോഡിെന്റ നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
പാണ്ടി, പോച്ച, ചെറുതന പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന റൂട്ടിലാണ് പാലത്തിന്റെ അഭാവത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. പാലത്തിന് പകരം ജങ്കാര്‍ കടത്ത് ആവശ്യപ്പെട്ട് ഇരുകരയിലുമുള്ള നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥളെയും സമീപിച്ചിരുന്നു. എന്നാല്‍, പാലം നിര്‍മിക്കാനോ ജങ്കാര്‍ എത്തിക്കാനോ നടപടി സ്വീകരിച്ചില്ല.
തകഴി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ അവിടെ ഉപയോഗിച്ചിരുന്ന ജങ്കാര്‍ പാണ്ടിക്കടവില്‍ എത്തിക്കുമെന്ന് അന്നത്തെ ജനപ്രതിനിധികള്‍ അറിയിച്ചെങ്കിലും വാക്ക് പാലിക്കപ്പെട്ടില്ല. പാണ്ടിക്കടവിലും എടത്വാ ചങ്ങങ്കരി കടവിലും പാലം നിര്‍മിച്ചാല്‍ എ.സി റോഡില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഹരിപ്പാട് എത്താം. തകഴി, ചെറുതന പഞ്ചായത്തുകള്‍ സംയുക്തമായി നിന്നാല്‍ പാണ്ടിക്കടവില്‍ പുതിയ കടത്ത് വള്ളം ഇടാന്‍ കഴിയുമെങ്കിലും യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.