ചന്തിരൂർ: ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുൻവശത്ത് നിന്ന് തെക്കോട്ട് ആരംഭിക്കുന്ന പഴയ റോഡിൽ കുഴിയും വെള്ളക്കെട്ടും. ദേശീയപാതയ്ക്കരികിൽ വർഷങ്ങൾക്കു മുൻപ് കാന അശാസ്ത്രീയമായി നിർമ്മിച്ചതാണ് വെള്ളക്കെട്ടിനു കാരണം. നിരവധി പരാതികൾ നൽകിയിട്ടും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിൽകണ്ട് ബോധ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സവും അപകടങ്ങളും വർധിക്കുന്നതിനാൽ സമാന്തര പാതയായ ഇതിലൂടെ ഗതാഗതം സജീവമാണ്. പഴയ റോഡിലൂടെ രണ്ടു കിലോമീറ്ററിലധികം ചേർത്തല ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയും.
പുനർനിർമ്മാണം നടത്തിയിട്ടുള്ള റോഡ് എരമല്ലൂർ പുള്ളമുക്കിന് സമീപം ദേശീയപാതയിൽ എത്തിച്ചേരും.സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ തടസരഹിതമായി സഞ്ചരിക്കാൻ സമാന്തര റോഡ് തെരഞ്ഞെടുക്കാറുണ്ടെങ്കിലും റോഡിൻറെ തുടക്കത്തിലുള്ള കുഴിയും വെള്ളക്കെട്ടും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് സമാന്തര റോഡ് ഗതാഗതം സജ്ജമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.