ചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് പിടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നൂറനാട് എസ്.എച്ച്.ഒ പി. ശ്രീജിത് ജില്ല പൊലീസ് മേധാവിക്ക് ചെങ്ങന്നൂർ ഡിവൈ.എസ്.പി മുഖേന റിപ്പോർട്ട് നൽകി.
കേസിൽ പ്രധാന പ്രതി സീരിയൽ -സിനിമ നടൻ ഷംനാദിന് (ശ്യാം ആറ്റിങ്ങൽ) പുറമെ ശ്യാം ശശി, രഞ്ജിത്, ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്ലീറ്റസ്, ലേഖ, ഇടുക്കി സ്വദേശി ദീപു ബാബു എന്നിവരടക്കം ആറുപേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ചാരുംമൂട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ ലേഖ നല്കിയ 500ന്റെ നോട്ടിൽ സംശയം തോന്നി ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ലേഖ പിടിയിലായതോടെയാണ് കള്ളനോട്ടിന്റെ വന്‍ശേഖരം പിടിച്ചെടുക്കാനും പ്രതികളെ പിടികൂടാനുമായത്. 2000, 500, 200 രൂപയുടെ കള്ള നോട്ടുകളാണ് പ്രധാന പ്രതി ഷംനാദിന്റെ നേതൃത്വത്തിൽ പ്രിന്റ് ചെയ്ത് വിതരണം ചെയ്തിരുന്നത്.
ഇയാളുടെ വീട്ടില്‍നിന്ന് ലാപ് ടോപ്, പ്രിന്റര്‍, സ്കാനര്‍, ലാമിനേറ്റര്‍, നോട്ടുകള്‍ മുറിക്കാനുള്ള കത്തികള്‍, ഗ്ലാസ്, ഉണക്കി സൂക്ഷിച്ച നിലയിലുള്ള നോട്ടുകളുടെ പ്രിന്റുകള്‍, നോട്ടുകള്‍ ഒട്ടിക്കാനുള്ള പ്രത്യേകം തയാറാക്കിയ പശ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു.
ഒരു ദിവസം ഒരു ലക്ഷം വരെ നോട്ടുകൾ പ്രിന്റ് ചെയ്ത് ഇറക്കുമായിരുന്നുവെന്നും കഴിഞ്ഞ രണ്ടര വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് ചോദ്യം ചെയ്യലിൽ വ്യക്തമായി.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത നോട്ടുകള്‍ പരിശോധനക്കായി സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്ക് അയച്ചതിന്റെ ഫലം എത്തിയാലുടൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായാണ് പ്രതികൾ വ്യാപകമായി കള്ളനോട്ട് ഇടപാടുകൾ നടത്തിയത്.
അന്തർ ജില്ല അന്വേഷണം വേണ്ടതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.