ലളിതമായ ചടങ്ങോടെ ചെങ്ങന്നൂർ ദേവിക്ക്​ പമ്പാനദിയിൽ ആറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ക്ഷേത്ര ആറാട്ട് കടവായ പമ്പാനദിയിലെ മിത്രപ്പുഴയിൽ നടന്നു. രാവിലെ 6.30നു ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന്​ ആറാട്ട് കടവിലേക്ക് തിരിച്ചു. 1196-ാം മലയാള വർഷത്തെ രണ്ടാമത്തെ തൃപ്പൂത്ത് ആറാട്ടായിരുന്നു ഇത്. ചടങ്ങുകൾക്ക് താഴ്മൺ തന്ത്രി കണ്ഠരര്​ മോഹനര് , കണ്ഠരര് മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും ആരതിയും നിവേദ്യവും നടന്നു. ആറാട്ട് എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി ദേവനെ ഋഷഭ വാഹനത്തിലും, ദേവിയെ ഹംസ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങൾ അകമ്പടി സേവിച്ചു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോൾ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് പടിഞ്ഞാറേ നടയിലെത്തി പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഇരുത്തി.

തുടർന്ന് ഭക്തരുടെ നിറപറ സമർപ്പണത്തിനു ശേഷം പ്രദക്ഷിണം പൂർത്തിയാക്കി അകത്തേക്ക് എഴുന്നള്ളിളിക്കുകയും, ഇരു നടകളിലും അഭിഷേകവും കളഭാഭിഷേകവും നടക്കുകയും ചെയ്​തു. തൃപ്പൂത്താറാട്ട് ദിവസം മുതൽ 12 ദിവസം മാത്രം നടത്തുന്ന ഹരീന്ദ്ര പുഷ്പാഞ്ജലി വഴിപാട് ഉണ്ടാകും. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായതിനാൽ ആന എഴുന്നള്ളിപ്പ്, അന്നദാനം, ലഘുഭക്ഷണ വിതരണം, ജലവിതരണം തുടങ്ങിയവയും ആറാട്ട് കടവിലേയും, ആറാട്ട് കടന്നുവരുന്ന വഴികളിലേയും, കിഴക്കേ ആന കൊട്ടിലിലേയും നിറപറ, താലപ്പൊലി തുടങ്ങിയ വഴിപാടുകളും ഒഴിവാക്കിയിരുന്നു.

ഭക്തർക്ക് കിഴക്കേ നടയിലൂടെ പ്രവേശിച്ച് തൊഴുത് വഴിപാട് അർപ്പിച്ച ശേഷം പടിഞ്ഞാറേ നടയിലൂടെയാണ് പുറത്തേക്ക് ഇറങ്ങാൻ സൗകര്യമൊരുക്കിയത്. സാമൂഹിക അകലം പാലിച്ച് മൂന്ന് പേർ വീതമാണ് വഴിപാട് സമർപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ വി. കൃഷ്ണകുമാർ വാര്യർ, അസി.കമീഷണർ എസ്. അജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.അജികുമാർ ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.