ചെങ്ങന്നൂർ: ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ കുത്തകയാക്കി വെക്കുകയും പിന്നീട് സ്വകാര്യമേഖലക്ക് കൈയൊഴിയുകയും ചെയ്ത മാന്നാര്‍-ചെങ്ങന്നൂര്‍ റൂട്ടിൽ ഇപ്പോൾ ആനവണ്ടികൾ കണികാണാൻ പോലുമില്ല. മാന്നാറില്‍നിന്ന് ബുധനൂർ, പുലിയൂർവഴി താലൂക്ക് ആസ്ഥാനമായ ചെങ്ങന്നൂരിലേക്കുള്ള ബസ് യാത്രയുടെ ദുരിതംമൂലം ഇതുവഴി പോകേണ്ടവർ മറ്റുസ്ഥലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഹരിപ്പാട്, മാന്നാർ, വലിയപെരുമ്പുഴകടവ്, പരുമല-നാക്കട, വള്ളക്കാലി, തേവേരി, സർക്കുലർ, ആലപ്പുഴതുടങ്ങിയ സർവിസുകളാണ് കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്തിരുന്നത്. ഇവക്കു പകരമായി വന്ന സ്വകാര്യബസ് പതിവായി പുലർച്ചയും രാത്രിയിലുമുള്ള ട്രിപ്പുകൾ മുടക്കുന്നതാണ് യാത്രക്ലേശത്തിന് കാരണം. ഒരു വ്യക്തിയുടെ അഞ്ചെണ്ണം ഉള്‍പ്പടെ പത്തിലേറെ സ്വകാര്യ ബസുകളാണ് ഇതുവഴി ഓടുന്നത്. ഒരു ഉടമയുടെതായ പല സമയത്തായി ഓടേണ്ട മൂന്നും നാലും ബസിനുപകരം ഇതിന്റെയെല്ലാ സമയവും ക്രമീകരിച്ച് ഒരെണ്ണം അയക്കുന്ന സമീപനമാണ് ഉള്ളതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
നിത്യേന മൂന്നുതവണയിലേറെ മാന്നാറിലേക്ക് വന്നുപോകുന്ന പത്തനംതിട്ട, റാന്നി, പന്തളം എന്നിവിടങ്ങളിലേക്കുള്ളവ ട്രിപ്പുകള്‍ മുടക്കുന്നതിനാൽ യാത്രക്കാർ റോഡുകളിൽ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. സന്ധ്യകഴിഞ്ഞാല്‍ ചെങ്ങന്നൂരില്‍നിന്ന് മാന്നാറിലേക്ക് വരുന്ന ബസുകൾ യാത്രക്കാര്‍ കുറവാണെങ്കില്‍ ബുധനൂരിലോ, മാന്നാർ ട്രാഫിക് ജങ്ഷനു രണ്ടുകിലോമീറ്റർ പിറകിൽ സ്റ്റോർമുക്കിലോ യാത്ര അവസാനിപ്പിക്കുന്നത് പതിവാകുന്നു. ഇതുകാരണം മാന്നാറിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ചെങ്ങന്നൂര്‍-ബുധനൂര്‍-മാന്നാര്‍ പാണ്ടനാട് വഴി ചെങ്ങന്നൂരിലേക്കും തിരിച്ചും രണ്ട് സര്‍ക്കുലര്‍ കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ ഉണ്ടായിരുന്നത് ആറുവര്‍ഷം മുമ്പ് നിലച്ചു. ചെങ്ങന്നൂര്‍-ബുധനൂര്‍-കടമ്പൂര്-പരുമലവഴി ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലേക്ക് ബസുണ്ടായിരുന്നത് മൂന്നുവര്‍ഷം മുമ്പ് നിന്നു. നിലവില്‍ രാവിലെ 4.50ന് ചെങ്ങന്നൂരില്‍നിന്ന് ബുധനൂര്വഴി എറണാകുളം അമൃത ആശുപത്രിയിലേക്കും വൈകീട്ട് ആറിന് തിരിച്ചും ഒരു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് മാത്രമാണ് സര്ക്കാര്വകയുള്ളത്.
പുലർച്ചയും സന്ധ്യകഴിഞ്ഞാലുള്ളതുമായ ട്രിപ്പുകള്‍ മുടക്കുന്നതുമൂലം ട്രെയിൻമാർഗവും അല്ലാതെയും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യാൻ പോകുന്ന സ്ത്രീകള്‍ അടക്കമുള്ളവരും പഠിക്കുന്നവരുമാണ് ദുരിതമനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.