മാവേലിക്കര: കരകളിൽ ശിവരാത്രി മുതല്‍ അണിയിച്ചൊരുക്കി വന്ന കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലിറങ്ങിയതോടെ ചെട്ടികുളങ്ങരയിൽ ആവേശം വാനോളമായി. അമ്മക്കൊപ്പം പിറന്നാള്‍ കാഴ്ച കാണാനെത്തിയ പുരുഷാരം ഭക്തിസാഗരത്തില്‍ ആറാടി. 13 കരകളുടെയും കെട്ടുകാഴ്ച കാണാന്‍ അമ്മ ജീവിതയില്‍ എഴുന്നള്ളിയതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. കരകളുടെ ക്രമത്തിലാണ് കാഴ്ചകള്‍ കണ്ടത്തിലിറങ്ങിയത്.
ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നീ കരകളുടെ ക്രമത്തില്‍ ദേവീ ദര്‍ശനം നടത്തി കാഴ്ചക്കണ്ടത്തിലിറങ്ങി നാടിനെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കിയാണ് ഭരണി ആഘോഷമാക്കിയത്.
രാവിലെ കുത്തിയോട്ട സമര്‍പ്പണങ്ങളും ക്ഷേത്രത്തില്‍ നടന്നു. ആചാര വിശുദ്ധിയോടെയും ചിട്ടവട്ടങ്ങളോടെയും കുത്തിയോട്ടങ്ങള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേർന്നു. രാവിലെ ആറുമുതല്‍തന്നെ കുത്തിയോട്ട വീടുകളില്‍നിന്ന് കുത്തിയോട്ട ഘോഷയാത്രകള്‍ തുടങ്ങി.ശിവരാത്രി നാള്‍ മുതല്‍ കുത്തിയോട്ടം പരിശീലിപ്പിച്ച കുത്തിയോട്ട വഴിപാട് ബാലകരെ അമ്മക്ക് ബലി നല്‍കുന്നു എന്നതാണ് ഇതിന്‍റെ സങ്കല്‍പം. വാഴയില വാട്ടിയുടുപ്പിച്ച് കണ്ണെഴുത്തും കുറിയും തലപ്പാവുമായുള്ള കുത്തിയോട്ട ബാലന്മാരുടെ വേഷംപോലും ആചാരപരമാണ്.
ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവെച്ച തൊപ്പി, മണിമാല, കൈയില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ചശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിന് മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസ്സിന് മുകളില്‍ ചേര്‍ത്തുപിടിച്ച് കൈയില്‍ പഴുക്കപ്പാക്ക് തറച്ച കത്തി പിടിപ്പിച്ചുമാണ് ക്ഷേത്രത്തിലേക്ക് ആഘോഷമായി എത്തിയത്.
താലപ്പൊലി, വാദ്യമേളങ്ങള്‍, മറ്റ് നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും കുത്തിയോട്ട ഘോഷയാത്രക്ക് കൊഴുപ്പേകി. അമ്മക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള പണക്കിഴിയും മറ്റും അടങ്ങുന്ന നെട്ടൂര്‍ പെട്ടിയെന്ന ആമാടപ്പെട്ടി വഴിപാടുകാരനോ അയാള്‍ നിര്‍ദേശിക്കുന്ന വ്യക്തിയോ ചുമന്നുകൊണ്ട് ഘോഷയാത്രയുടെ ഭാഗമായി. ദേവീസന്നിധിയില്‍ നാലുപാദം ചുവടുവെച്ചശേഷം ഇടുപ്പില്‍ കോര്‍ത്തിരിക്കുന്ന നൂല്‍ ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തിയായി. ഇത്തവണ കരകളില്‍നിന്നും പുറത്തുനിന്നുമായി 16 കുത്തിയോട്ടങ്ങളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.