ആലപ്പുഴ: സംസ്ഥാനത്തെ കുട്ടികളുടെ ആദ്യപ്രധാനമന്ത്രിയായി തിളങ്ങിയ അഞ്ചാംക്ലാസുകാരി അമൃതശ്രീ വി. പിള്ളയുടെ ഓർമയിൽ ശിശുദിനം ഒളിമങ്ങാത്ത ഓർമയാണ്. കഴിഞ്ഞവർഷം മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്ന ആഘോഷം ഇക്കുറി പത്തനംതിട്ട ജില്ല കലക്ടർ പി.ബി. നൂഹിനൊപ്പമാണെന്ന പ്രത്യേകതയുണ്ട്. ശനിയാഴ്ച രാവിലെ 10ന് അമൃതശ്രീയുടെ അധ്യക്ഷതയിൽ സർക്കാർ ശിശുദിനാഘോഷ പരിപാടിയിൽ കുട്ടികളുടെ പ്രസിഡൻറാകും. തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അമൃതശ്രീ പ്രസംഗത്തിൽ തുടർച്ചയായി മൂന്നാംതവണ ഒന്നാമതെത്തിയാണ് ശിശുദിനാഘോഷത്തിൽ പങ്കാളിയാവുന്നത്.
കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശിശുദിനാഘോഷത്തിൽ നെഹ്റുവിെൻറ തൊപ്പിയും വേഷവും റോസപ്പൂവും ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയായി പങ്കെടുത്ത അമൃതശ്രീയെ സ്വീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ശിശുദിനസമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള അപൂർവഭാഗ്യവും കിട്ടി. പ്രസംഗത്തിന് നിറഞ്ഞ കൈയടിയും കിട്ടി. കൊച്ചുമിടുക്കിയുടെ പ്രസംഗത്തെ പ്രകീർത്തിക്കാൻ മുഖ്യമന്ത്രിയും മറന്നില്ല.
മഹാമാരി വില്ലനാകുമോയെന്ന 'ഭയം' വീട്ടിലെത്തിയിട്ടും കോവിഡ് പ്രതിരോധപ്രവർത്തനത്തിന് അവധി നൽകിയില്ല. മാധ്യമപ്രവർത്തകനായ പിതാവിന് കോവിഡ് ബാധിച്ചിട്ടും അധ്യാപികയായ മാതാവ് കോവിഡ് സെൻററിൽ ജോലിയെടുത്തിട്ടും മാനസികമായി തളർന്ന കുട്ടികൾക്ക് ആശ്വാസമേകുന്ന 'ചിരി' പദ്ധതിയിലൂടെ പ്രതിരോധസന്ദേശം എത്തിക്കുന്നതിന് വഴികാട്ടിയായി. ഇതിനൊപ്പം മാപ്പിളപ്പാട്ട്, കവിതാലാപനം, കവിതയെഴുത്ത്, കഥപറയൽ തുടങ്ങിയ ഇനങ്ങളിൽ മുഴുകാനും സമയം കെണ്ടത്തി. പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരി കൃഷ്ണശ്രീയുമായി ചേർന്ന് അക്ഷരശ്ലോകത്തിനായി 'കൃഷ്ണാമൃതം' യൂട്യൂബ് ചാനലും അമൃതയുടെ പേരിലുണ്ട്. തെള്ളിയൂർ മാവിലേത്ത് എം.കെ. വിനോദ്കുമാറിെൻറയും തിരുവല്ല ഡി.ബി.എച്ച്.എസ് അധ്യാപിക കുട്ടനാട് വെളിയനാട് ആറ്റുപുറത്ത് ശ്രീലേഖ കുറുപ്പിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.