ആലപ്പുഴ: വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതി അടുത്തഘട്ടമായി ആലപ്പുഴ നഗരത്തിൽ എത്തും. വയലാർ പഞ്ചായത്തിൽ 5000 വീടുകളിൽ പ്രകൃതിവാതക വിതരണം പൂർത്തിയായിട്ടുണ്ട്. വയലാറിലും ചേർത്തല നഗരസഭയിലുമായി 10,000 വീടുകളിലേക്ക് പൈപ്പ് ലൈൻ കണക്ഷൻ എത്തിച്ചു.
ആലപ്പുഴയിൽ സ്ഥാപിക്കാനുള്ള സിറ്റിഗ്യാസ് പൈപ്പുകൾ ദേശീയപാതയിൽ കൊമ്മാടിയിൽ എത്തിച്ചു. തുരുമ്പെടുക്കലും ചോർച്ചയും അതിജീവിക്കാൻ കഴിയുന്ന കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പാണ് ഉപയോഗിക്കുന്നത്. അടുത്ത ഏപ്രിലിനകം പദ്ധതി ആലപ്പുഴ നഗരത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വയലാർ, ചേർത്തല തെക്ക്, തണ്ണീർമുക്കം, കണിച്ചുകുളങ്ങര, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ പ്രധാന പൈപ്പ് ലൈൻ വലിച്ചിട്ടുണ്ട്. ഇതിൽനിന്നാണ് വീടുകളിലേക്ക് കണക്ഷൻ നൽകുന്നത്. നിലവിൽ ചേർത്തല തെക്കുമുതൽ കലവൂർ വരെ പൈപ്പ് ലൈൻ വലിച്ചിട്ടുണ്ട്. ചേർത്തല നഗരത്തിൽ മൂന്നുകിലോമീറ്റർ പൈപ്പ് ലൈൻകൂടി പൂർത്തിയാക്കാനുണ്ട്. വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും പ്രകൃതിവാതകം നൽകും. വ്യവസായിക മേഖലയിൽ കെ.എസ്.ഡി.പി മാത്രമാണ് കരാറിലായത്.
സിറ്റിഗ്യാസ് പദ്ധതിയിൽ ജില്ലയിൽ 14 കേന്ദ്രത്തിൽ സി.എൻ.ജി പമ്പുകൾ ഒരുക്കിയിട്ടുണ്ട്. എരമല്ലൂർ, അരൂർ-ഫോർട്ട്കൊച്ചി റോഡ്, ചേർത്തല തങ്കം ഫ്യുവൽസ്, പട്ടണക്കാട്, കലവൂർ, മുഹമ്മ, ആറാട്ടുവഴി, വഴിച്ചേരി, അമ്പലപ്പുഴ, തലവടി, തട്ടാരമ്പലം, എം.സി റോഡ്, കാരയ്ക്കാട്, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലാണ് പ്രകൃതിവാതകപമ്പുള്ളത്.
പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) ആണ് വീടുകളിൽ ലഭിക്കുക. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി) പദ്ധതിയുടെ നിർവഹണച്ചുമതല.
പുതിയ സംവിധാനമായതിനാൽ ഘട്ടംഘട്ടമായി ഓരോ നീക്കവും പരിശോധിച്ചാണ് കണക്ഷൻ നൽകുക. ദേശീയപാത വികസനത്തിനൊപ്പം 12 ഇഞ്ച് സ്റ്റീൽ പൈപ്പാണ് പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്. ഉപറോഡിലേക്കും വീടുകളിലേക്കും കടക്കുമ്പോൾ അഞ്ചുമുതൽ ഒരു ഇഞ്ച് വരെയുള്ള പൈപ്പിലൂടെയാണ് എത്തുക. ശുദ്ധജല കണക്ഷൻ മാതൃകയിൽ പ്ലാന്റിൽനിന്ന് ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന കുഴലുകളിലൂടെ വീട്ടിലെ സ്റ്റൗവിലേക്ക് കണക്ഷൻ എത്തിക്കും. സിലിണ്ടർ വേണ്ടയെന്നതാണ് പ്രത്യേകത. സാധാരണ സ്റ്റൗ ഉപയോഗിക്കാമെങ്കിലും അതിൽ ചെറിയ മാറ്റങ്ങൾ നിർവഹണ ഏജൻസി വരുത്തും. വിലക്കുറവിനൊപ്പം അപകടസാധ്യതയും മലിനീകരണ പ്രശ്നങ്ങളും ഇല്ലെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.