വിലക്കുറവിൽ തമിഴ്നാട്ടിൽനിന്ന് കയർ; സ്വദേശി ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു

ആലപ്പുഴ: പ്രധാന കയർ ഉൽപാദനകേന്ദ്രങ്ങളായ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു. മൂന്നാഴ്ചയോളമായി ആലപ്പുഴ കയർ ക്ലസ്റ്ററിന് കീഴിലെ ഭൂരിഭാഗം സംഘങ്ങളിലും ഉൽപാദനം നിർത്തിവെച്ചതോടെ മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. തമിഴ്‌നാട്ടിൽനിന്നുള്ള കയറിന്റെ വരവും കയറ്റുമതിയിലെ പ്രതിസന്ധിയുമാണ് പ്രശ്നം.

ആലപ്പുഴ കയർ ക്ലസ്റ്ററിന് കീഴിൽ 102 കയർസംഘമാണുള്ളത്. ഇവിടെ പതിനായിരത്തോളം തൊഴിലാളികളാണ് പിരിരംഗത്ത് പ്രവർത്തിക്കുന്നത്. 98 ശതമാനവും സ്ത്രീകളാണ്. ഉൽപാദനം നിലച്ചതോടെ ഇവർക്ക് പൂർണമായും തൊഴിലില്ലാതായി. 350 രൂപ ദിവസവേതനത്തിനാണ് പണിയെടുക്കുന്നത്. 2100 മീറ്റർ കയർ പിരിക്കുന്നതിനാണ് 350 രൂപ കൂലി.

വ്യവസായത്തിലെ പ്രതിസന്ധിയെത്തുടർന്ന് സംഘങ്ങളിൽനിന്ന്‌ സംഭരണം കയർഫെഡ് നിർത്തി. സംഘങ്ങളിൽ 100 മുതൽ 400 ക്വിന്റൽ വരെ കയറാണ് കെട്ടിക്കിടക്കുന്നത്. നേരത്തേ സംഭരിച്ച കയറിന്റെ വിലയായ നാലര കോടിയോളം കിട്ടാനുണ്ടെന്നും സംഘം ഭാരവാഹികൾ പറയുന്നു. ഫെബ്രുവരി 28 വരെ സംഘങ്ങളുടെ കുടിശ്ശിക തീർത്തിട്ടുണ്ടെന്ന് കയർഫെഡ് അധികൃതരും പറയുന്നു. ഈ മാസം 24ന് കയർ എടുത്തുതുടങ്ങുമെന്നും സർക്കാർ സഹായം ലഭിക്കുന്ന മുറക്ക് കുടിശ്ശിക പൂർണമായും തീർക്കുമെന്നും കയർഫെഡ് ചെയർമാൻ എൻ. സായ്കുമാർ പറഞ്ഞു. ഉൽപാദിപ്പിച്ച കയർ സംഭരിക്കാതെയും കിട്ടാനുള്ള തുക ലഭിക്കാതെയും പുതിയ ഉൽപാദനം സാധ്യമല്ലെന്ന നിലപാടിലാണ് സംഘങ്ങൾ. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കയറ്റുമതിക്ക് അനുയോജ്യമായ കയറാണ് വൻതോതിൽ കേരളത്തിലേക്കെത്തിക്കുന്നത്. അത്യാധുനിക യന്ത്രസംവിധാനത്തിൽ തയാറായ കയർ 34 രൂപക്കാണ് ഇവിടെ എത്തിച്ചുനൽകുന്നത്. എന്നാൽ, തദ്ദേശീയമായി സംഘങ്ങളിൽ ഉൽപാദിപ്പിക്കുന്ന കയറിന് 54 രൂപ വരെയാണ് വില. വില വ്യത്യാസം നൽകുന്ന ലാഭം കണക്കിലെടുത്ത് കയറ്റുമതിക്കാരും വൻകിട വ്യവസായികളും അടക്കം വലിയതോതിൽ തമിഴ്‌നാട് കയറിനെ ആശ്രയിക്കുകയാണ്. ഉൽപാദന ചെലവ് ഏറിയ കേരളത്തിന്‍റെ കയർ കയറ്റി അയക്കാനും കഴിയാതെ വന്നിരിക്കുന്നതാണ് പ്രതിസന്ധി.

Tags:    
News Summary - Coir from Tamil Nadu at cheaper prices; Indigenous products are lying around

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.