ആലപ്പുഴ: ദേശീയപാത എലിവേറ്റഡ് ഹൈവേ നിർമാണം നടക്കുന്ന അരൂർ-തുറവൂർ പാതയിൽ ദീർഘദൂര കണ്ടെയ്നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിയ നിരോധനം കർശനമാക്കും.
ഡീവിയേഷൻ ആവശ്യമുള്ള ഭാഗങ്ങളിൽ മൂന്ന് ഭാഷയിലായി സൈൻ ബോർഡ് സ്ഥാപിക്കും. കൂടുതൽ ഹോം ഗാർഡുകളെ വിന്യസിക്കാനും ഹൈറ്റ് ബാർ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാനും എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ല കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ, പ്രത്യേകിച്ച് ബാരിക്കേഡുകൾക്കരികിലായി ആവശ്യമില്ലാത്ത നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് ഉടൻ തന്നെ നീക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതുറപ്പുവരുത്താൻ പ്രദേശത്ത് ഇന്ന് പൊലീസ്, ദേശീയപാത അധികൃതർ, മറ്റ് ഉദ്യാഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. റോഡിലെ ഇന്റർലോക്ക് ചെയ്ത ഭാഗത്തിനും നടപ്പാതക്കും ഇടയിലുള്ള വിടവിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ജെ.എസ്.ബി ഉപയോഗിച്ച് വിടവ് നികത്തുന്ന പണി ഉടൻ ആരംഭിക്കും.
വാഹനങ്ങളുടെ ഓവർടേക്കിങ് നിരോധിച്ച ഇടങ്ങളിൽ അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതു സംബന്ധിച്ച നിർദേശ ബോർഡുകൾ ആവശ്യമുള്ള ഇടങ്ങളിൽ സ്ഥാപിക്കും. അരൂർ-തുറവൂർ ദേശീയപാതയിൽ അഞ്ചിടങ്ങളിലായി രേഖപ്പെടുത്തിയ കൈയേറ്റങ്ങൾ പൊലീസ് സഹായത്തോടെ ഇന്നുതന്നെ ഒഴിപ്പിക്കും. അരൂർ പുത്തൻതോടിലെ മാലിന്യം നീക്കി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.