അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ ഗതാഗതക്രമീകരണം തീരുമാനിച്ചതനുസരിച്ച് വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന നടപടിക്ക് ട്രയൽ റൺ നടത്തി. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴക്ക് വരുന്ന വലിയ വാഹനങ്ങൾ അരൂർ ക്ഷേത്രം ജങ്ഷനിൽനിന്ന് അരൂക്കുറ്റി വഴി തിരിച്ചുവിടുന്നതിനാണ് ട്രയൽ റൺ നടത്തിയത്. ഭാരമേറിയ നാലോളം വലിയ ലോറികളാണ് അരൂക്കുറ്റി റോഡുവഴി തിരിച്ചുവിട്ടത്. അരൂർ എം.എൽ.എ ദലീമ ജോജോ പാത വ്യതിയാനത്തിന് ഫ്ലാഗ് ഓഫ് ചെയ്തു.
അരൂർ ക്ഷേത്രം കവലയിൽനിന്ന് അരൂക്കുറ്റി-പൂച്ചാക്കൽവഴി മാക്കേകടവ് കവലയിൽനിന്ന് വലതുതിരിഞ്ഞ് തുറവൂരിൽ ദേശീയ പാതയിൽ തിരികെ എത്തുന്ന വിധമാണ് ക്രമീകരണം. പടിഞ്ഞാറു ദിശയിലൂടെ എറണാകുളം ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ തുറവൂർ കവലയിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് എഴുപുന്ന-കുമ്പളങ്ങിവഴി എറണാകുളത്ത് എത്തും. രാവിലെ 11.30ഓടെ തുടങ്ങിയ ട്രയൽ റൺ അൽപസമയത്തിനകം അവസാനിപ്പിച്ചു.
അരൂർ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആന്റണി, വൈസ് പ്രസിഡൻറ് എം.പി. ബിജു, ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ പ്രഫുല്ലചന്ദ്രൻ, പി.എസ്. സുബ്രഹ്മണ്യൻ, സാബു എന്നിവരെ കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. അരൂർ-അരൂക്കുറ്റി റോഡിൽ ഗതാഗതം ഏറ്റവും കുറവുള്ള നേരമായിട്ടുപോലും വഴി തിരിച്ചുവിട്ട ട്രെയിലർ ലോറികൾ ഗതാഗതതടസ്സം സൃഷ്ടിച്ചു. പൊലീസിന്റെ സാന്നിധ്യം ആവശ്യമാണെന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടു. ഇല്ലെങ്കിൽ ഇടുങ്ങിയ റോഡിൽ ഗതാഗതം തടസ്സത്തിന് സാധ്യതയുണ്ട്.
മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ആലപ്പുഴ കലക്ടറേറ്റിൽ കഴിഞ്ഞദിവസം കൂടിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല സമ്മേളനത്തിലാണ് ഗതാഗതം തിരിച്ചുവിടാനും അതിന്റെ പാർശ്വഫലങ്ങൾ പഠിക്കാനും നിർദേശിച്ചത്.
അരൂക്കുറ്റി: അരൂർ ക്ഷേത്രം മുതൽ അരൂക്കുറ്റി-ചേർത്തല റോഡിലെ നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാതെ വാഹനങ്ങൾ തിരിച്ചുവിടരുതെന്ന ആവശ്യം ശക്തമാകുന്നു. നാഷനൽ ഹൈവേയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾ അരൂക്കുറ്റി വഴി ചേർത്തലക്ക് തിരിച്ചുവിടുമ്പോൾ നിലവിലുള്ള ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും വർധിക്കുമെന്നതാണ് കാരണം. ഇതിന് പരിഹാരം കണ്ടെത്താൻ മാർഗം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് വീതി കൂട്ടുകയും നടപ്പാത പ്രത്യേകം തിരിക്കുകയും വേണം. പ്രധാന ജങ്ഷനുകളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഏർപ്പെടുത്തുകയും വേണം. ഇതുമായി ബന്ധപ്പെട്ട പ്രമേയം എ.ഐ.ടി.യു.സി അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.