ആലപ്പുഴ: തീരമേഖലയില്‍ കടല്‍ഭിത്തി ഇല്ലാത്തയിടങ്ങളില്‍ പുലിമുട്ട് സ്ഥാപിക്കുന്നതിന് ബാത്തിമെട്രി പഠനം (കടലിന്റെ ആഴം അളക്കൽ) പൂര്‍ത്തിയായി. ജില്ലയില്‍ നടക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ആശ സി. എബ്രഹാം അധ്യക്ഷത വഹിച്ചു.
കടൽക്ഷോഭ ഭീഷണിയുള്ളയിടത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ബാത്തിമെട്രി പഠനം നടത്തി ഡിസൈന്‍ തയാറാക്കുന്നതിന് സമര്‍പ്പിച്ചതായി യോഗത്തില്‍ ജലസേചന എക്സി. എന്‍ജിനീയര്‍ അറിയിച്ചു. അന്ധകാരനഴി, ചേന്നംവേലി, വിയാനി, മാത്തേരി, പെരുമ്പള്ളി-രാമഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
തോട്ടപ്പള്ളി ഭാഗത്ത് മണല്‍ അടിയുന്നത് തടയാൻ പൊഴിമുഖത്ത് രണ്ട് പുലിമുട്ട് നിര്‍മിക്കാൻ ആര്.കെ.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.4 കോടിയുടെ പദ്ധതിക്കായി സാങ്കേതിക അനുമതിക്ക് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയുടെ തീരപ്രദേശങ്ങളിലെ കടൽ ക്ഷോഭം നേരിടുന്നതിന് നിർദേശങ്ങള്‍ അടങ്ങിയ വിശദമായ കോസ്റ്റല്‍ മാപ്പ് സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.
അരൂക്കുറ്റി ഹൗസ്ബോട്ട് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 27.8 സെന്റ് ഭൂമി ടൂറിസം വകുപ്പിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിനോദസഞ്ചാര വകുപ്പ് കലക്ടര്‍ക്ക് കത്ത് നല്കി. തറയില്‍ക്കടവ് ഫിഷറീസ് ആശുപത്രി കെട്ടിടം നിര്‍മാണത്തിന്റെ ഭാഗമായി ഒന്നാം നിലയുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് നിര്‍മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ അറിയിച്ചു. പുന്നമട നെഹ്റു ട്രോഫി പാലം നിര്‍മാണത്തിന് യൂട്ടിലിറ്റി ഷിഫ്റ്റിങ് പുരോഗമിക്കുന്നതായും അടുത്തയാഴ്ച നിര്‍മാണം തുടങ്ങുമെന്നും എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
പുനര്‍ഗേഹം പദ്ധതി ഗുണഭോക്താക്കള്‍ക്കായി പുറക്കാട് വില്ലേജില്‍ നിര്‍മിക്കുന്ന 204 ഫ്ലാറ്റുകളുടെ സ്ട്രക്ചറല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ വാടക്കല്‍ പ്രദേശത്ത് പട്ടയം അനുവദിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി.
മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനം, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ എന്നിവയുടെ അവലോകനവും യോഗത്തില്‍ നടത്തി. വികസന സമിതി യോഗത്തില്‍ ജില്ലതല ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും എ.ഡി.എം പറഞ്ഞു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പ്ലാനിങ് ഓഫിസര്‍ ലിറ്റി മാത്യു, ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.