ആലപ്പുഴ: മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആവേശവും ആരവവുമില്ലാതെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ. സമ്മേളനങ്ങളിലെ വിമർശനങ്ങൾ ഏറെയും മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായവും ബ്രാഞ്ചുകളിൽ ഉയരുന്നു.
ചിലയിടങ്ങളിൽ പ്രാദേശിക ചേരിപ്പോരിന്റെ ഭാഗമായി വിഭാഗീയ പ്രവണതകൾ പ്രകടമാകുന്നത് ഏരിയ, ജില്ല നേതൃത്വങ്ങൾക്ക് തലവേദനയാകുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ ഈമാസം 30ഓടെ അവസാനിക്കും തുടർന്ന് ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമാകും. വിഭാഗീയതയെ തുടർന്ന് ചിലയിടങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. അവ ലോക്കൽ സമ്മേളനങ്ങൾക്ക് മുമ്പ് നടത്തുമെന്ന് നേതാക്കൾ പറയുന്നു.
പഴയ ആവേശം പ്രവർത്തകരിൽ കാണുന്നില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ പശ്ചാത്തലമുള്ളതിനാൽ ഇത്തവണ ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി മെംബർമാർ എല്ലാവരും പങ്കെടുക്കുമോ എന്ന ആശങ്ക സമ്മേളനം തുടങ്ങും മുമ്പ് നേതാക്കൾ പങ്കുവെച്ചിരുന്നു. മുൻകാലങ്ങളിൽ സമ്മേളനത്തിൽനിന്ന് പാർട്ടി അംഗങ്ങൾ ഒരാൾപോലും വിട്ടുനിൽക്കാറില്ല.
വിട്ടുനിന്നാൽ വിശദീകരണം നൽകേണ്ടതുമുണ്ടായിരുന്നു. ഇത്തവണ മിക്കയിടങ്ങളിലും സമ്മേളനങ്ങളിൽ ഫുൾ ക്വോറം ഉണ്ടായിട്ടില്ല. മുൻകാലങ്ങളിലേതുപോലെ ആർജവത്തോടെയുള്ള വിമർശനങ്ങളും സംഘടനാതലത്തിലെ തിരുത്തലുകൾക്ക് വേണ്ടിയുള്ള വാദങ്ങളും ഉയരുന്നില്ലെന്ന് നേതാക്കൾ പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭരണത്തിലെ പാളിച്ചയാണെന്നും പാളിച്ചക്ക് കാരണം കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമാണെന്നുമുള്ള നേതാക്കളുടെ വാദങ്ങൾ അതേപടി ആവർത്തിക്കും വിധമാണ് മിക്കവരും ചർച്ചകളിൽ പങ്കെടുക്കുന്നത്.
പാർട്ടി അനുഭാവികളുടെ വോട്ടുകൾ വലിയതോതിൽ ബി.ജെ.പിയിലേക്ക് മറിഞ്ഞു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചർച്ചകൾ മിക്ക ബ്രാഞ്ചുകളിലും ഉയരുന്നില്ലെന്ന് അറിയുന്നു. ചട്ടപ്പടി ചർച്ചകൾക്കപ്പുറം കടക്കുന്നത് ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണത്രേ. അവിടങ്ങളിലാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളുയരുന്നത്.
കരിമണൽ ഖനനം, മാസപ്പടി വിവാദം, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിലുയരുന്നു. സ്വർണക്കടത്ത് കേസ് ഇപ്പോൾ എവിടെയെത്തി അതിന്റെ ചർച്ചകൾ ഇപ്പോൾ മാധ്യമങ്ങൾ ഉയർത്താത്തതെന്ത് എന്ന മറുചോദ്യം ഉയർത്തിയാണ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ നേരിടുന്നത്. അതുതന്നെയാകും ഇപ്പോഴുയരുന്ന മറ്റ് വിവാദങ്ങളുടെയും ഗതിയെന്നുമാണ് ചർച്ചകൾക്കുള്ള നേതാക്കളുടെ മറുപടി.
പുതുതലമുറക്കാരാണ് ഇപ്പോൾ പാർട്ടി അംഗങ്ങളിലേറെയും. 50 വയസ്സിന് മുകളിലുള്ളവരാണ് പാർട്ടിയെന്ന വൈകാരികത പ്രകടിപ്പിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്. 70 പിന്നിട്ടവർ പലരും ചർച്ചകളിൽ സജീവമാകുന്നില്ല.
മുൻകാലങ്ങളിൽ രക്തസാക്ഷി മണ്ഡപങ്ങളിലെ പുഷ്പാർച്ചന, അനുഭാവി യോഗം എന്നിവയിൽ പ്രദേശവാസികളുടെ സഹകരണം കാര്യമായുണ്ടാകുമായിരുന്നു. ഇത്തവണ അതിലും കുറവ് വന്നിട്ടുണ്ട്.
അച്ചടക്കത്തിന്റെ വാളിന് മൂർച്ച കുറഞ്ഞു
പ്രാദേശിക ചേരിപ്പോരിന്റെ ഭാഗമായി ഉയരുന്ന വിഭാഗീയ പ്രവണതകൾ കഴിഞ്ഞകാല സമ്മേളനങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏറെയാണ്. പാർട്ടി അച്ചടക്കത്തിന്റെ ഭീഷണിയൊന്നും ചേരിപ്പോരുള്ളിടങ്ങളിൽ ബ്രാഞ്ച് അംഗങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല. പുറത്താക്കൽ, ശാസന, താക്കീത് തുടങ്ങിയ അച്ചടക്ക നടപടികളെ അംഗങ്ങൾ ഭയക്കുന്നതേയില്ല. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സമ്മേളന പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിൽ ഉപരി കമ്മിറ്റിയുടെ നിർദേശം അംഗീകരിക്കാത്തിടങ്ങളിൽ വോട്ടെടുപ്പിലൂടെ നിശ്ചയിക്കാൻ അനുമതി നൽകി ഉപരി കമ്മിറ്റി നേതാക്കൾ കാഴ്ചക്കാരാവുകയാണ്. ഉപരി കമ്മിറ്റിയുടെ നിർദേശം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നിടങ്ങളിൽ പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജിഭീഷണി മുഴക്കുന്നത് നേതൃത്വത്തെ കുഴക്കുന്നു. വോട്ടെടുപ്പിൽ വിഭാഗീയതയുണ്ടെങ്കിൽ സമ്മേളന ശേഷം അത് പരിശോധിക്കാമെന്നാണത്രേ ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.