ആലപ്പുഴ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ പങ്കാളിത്തമുണ്ടായത് നേതൃത്വത്തിന് ആശ്വാസം പകരുന്നു. പൊതുഇടങ്ങളിൽ പാർട്ടി വലിയ വിമർശനങ്ങൾ നേരിടുമ്പോഴും സമ്മേളനങ്ങളിലെ ചർച്ചകളിൽ പങ്കെടുത്തവർ കാര്യമായ വിമർശനങ്ങൾ ഉന്നയിച്ചില്ലെന്നാണ് സൂചന.
അതേസമയം ജില്ലയിൽ പലയിടത്തും പ്രാദേശിക വിഭാഗീയതകൾ ഉണ്ടാകുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ സമ്മേളന ശേഷം നടന്ന ലോക്കൽ, ഏരിയ കമ്മിറ്റികളുടെ വിഭജനത്തെ ചൊല്ലിയാണ് പലയിടത്തും വിഭാഗീയത പ്രകടമാകുന്നത്. പാർട്ടി അംഗങ്ങൾ ബഹുഭൂരിഭാഗവും സമ്മേളനങ്ങളിൽ പങ്കെടുത്തെങ്കിലും ഭരണത്തെയും പാർട്ടി നേതൃത്വത്തെയും കുറിച്ച് കാര്യമായ വിമർശനങ്ങൾ ചർച്ചയിൽ ഉയാരാത്തത് പാർട്ടിയോടുള്ള അംഗങ്ങളുടെ ആവേശം കെട്ടതിന്റെ സൂചനയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
സമ്മേളനങ്ങളുടെ ഉദ്ഘാടകനും ഉപരി കമ്മിറ്റിയിൽ നിന്ന് സമ്മേളനത്തിന്റെ മേൽനോട്ടത്തിനായി അയക്കുന്നവർ നടത്തിയ റിപ്പോർട്ടിങ്ങിലും ഊന്നൽ നൽകിയത് സംസ്ഥാന ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിലും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധം വിശദീകരിക്കുന്നതിനുമാണ്. പ്രാദേശികമായ വിഭാഗീയതകൾ ഉള്ളിടത്താണ് കാര്യമായ ചർച്ചകൾ നടന്നത്. അത് ചേരിതിരിവിനെ ചൊല്ലിയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലും ജനോപകാരപ്രദമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തത് അംഗങ്ങൾ പൊതുവെ അംഗീകരിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ തകർക്കാൻ ഒരുപറ്റം മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന ഗൂഢശ്രമമാണെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. ചേർത്തല മേഖലയിൽ ചിലയിടങ്ങളിൽ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. അടുത്ത കാലത്ത് ഉണ്ടായ സംഭവങ്ങളുടെ പേരിലായിരുന്ന വിമര്‍ശനം.
നിലവില്‍ ഏതാനും വിദ്യാര്‍ഥി നേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഗുണ്ടാ പട്ടികയില്‍ പോലും പെടുത്തുന്ന തരത്തില്‍ കേസുകളെ ത്തിയിരിക്കുകയാണെന്നാണ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ വിഷയങ്ങളില്‍ അല്ലാതെയുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നല്കുന്ന വഴിവിട്ട പിന്തുണയെ പ്രതിനിധികള്രൂക്ഷമായി വിമര്‍ശിച്ചു. ചേര്‍ത്തല നഗരത്തിലും പള്ളിപ്പുറം തെക്ക്, വടക്ക് സമ്മേളനങ്ങളിലുമായിരുന്നു വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസിന് നേരേ അക്രമമുണ്ടായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതായി പ്രതിനിധികള്‍ ചുണ്ടികാട്ടി.
പൊലീസിന് നേരേയുണ്ടായ അക്രമം, കോളജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ പേരില്‍ നഗരത്തില്‍ ഉണ്ടായ വീടുകയറി ആക്രമം, നഗരത്തിന് വടക്ക് ദുരൂഹ സാഹചര്യത്തില്‍ നേതാവു പിടിയിലായതും ഇതിന്റെ പേരില്‍ നഗരത്തില്‍ നടന്ന സംഘട്ടനം തുടങ്ങിയവയെല്ലാം വിമർശനങ്ങൾക്ക് കാരണമായി. ബ്രാഞ്ച് സമ്മേളങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 14 ന് ലോക്കല്‍ സമ്മേളനങ്ങള്‍ തുടങ്ങും. ലോക്കൽ സമ്മേളനങ്ങളില്‍ കാര്യമായ ചർച്ചകളുണ്ടാകും. ഭരണ പരാജയവും പാർട്ടി നയങ്ങളും നേതാക്കളുടെ വഴിവിട്ട പോക്കുമൊക്കെ ചർച്ചയാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.