ആലപ്പുഴ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം മാത്രമാക്കി ചുരുക്കാൻ സി.പി.എം തീരുമാനം. രാഷ്ട്രീയ തിരുവാതിരയടക്കം കൂട്ടംചേരലുകൾക്ക് ഇടംനൽകുന്നതൊക്കെ ഒഴിവാക്കാനാണ് തിരുവനന്തപുരം അടക്കം ജില്ല സമ്മേളനങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം.
കോവിഡ് പശ്ചാത്തലത്തിൽ സി.പി.ഐ അടക്കം പാർട്ടികൾ പരിപാടികളൊക്കെ മാറ്റിയതും കണക്കിലെടുത്തിട്ടുണ്ട്. വളന്റിയർ മാർച്ച്, പതാക, കൊടിമര ജാഥ, പൊതുസമ്മേളനം, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയൊക്കെ ഒഴിവാക്കും. 28, 29, 30 തീയതികളിൽ കണിച്ചുകുളങ്ങരയിലാണ് ജില്ല സമ്മേളനം.
ബുധനാഴ്ച ചേർന്ന ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ് യോഗങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന് അംഗീകാരം നൽകി. ജില്ലയിലെ പല കമ്മിറ്റിയിലും പ്രാദേശികമായി വിഭാഗീയത നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. ആലപ്പുഴ മുതൽ തെക്കോട്ടുള്ള പല ഏരിയ സമ്മേളനങ്ങളിലും കമ്മിറ്റി തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങിയത് വിഭാഗീയ പ്രവർത്തനത്തിന്റെ ഫലമാണ്.
കുട്ടനാട്ടിലടക്കം കേന്ദ്രമാനദണ്ഡങ്ങളുടെ പരസ്യലംഘനം ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളിലെ പാർട്ടി അംഗങ്ങളായ ജീവനക്കാർക്ക് കടുത്ത നിയന്ത്രണം വേണമെന്നതടക്കം നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പ്രതിനിധി സമ്മേളനം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകുമെന്ന് ജില്ല സെക്രട്ടറി ആർ. നാസർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.