ആലപ്പുഴ: കോവിഡ് വ്യാപനത്തിൽ ജനുവരി അവസാനം മാറ്റിവെച്ച സി.പി.എം ജില്ല സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി. 15, 16 തീയതികളിൽ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ കണിച്ചുകുളങ്ങരയിലാണ് സമ്മേളനം.
മറ്റുപരിപാടികൾ ഒഴിവാക്കി പ്രതിനിധിസമ്മേളനം മാത്രമാവും നടക്കുക. കോവിഡ് മാനദണ്ഡം പാലിച്ച് 24 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവരെ ഒഴിവാക്കും. ഇതുസംബന്ധിച്ച് ഏരിയ കമ്മിറ്റികൾക്ക് ജില്ല നേതൃത്വം നിർദേശം നൽകി.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും.
ഏരിയ സമ്മേളനത്തിൽനിന്ന് തെരഞ്ഞെടുത്ത 180 പ്രതിനിധികൾ, 45 ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ 230 പേർ പങ്കെടുക്കും. 46 അംഗ ജില്ല കമ്മിറ്റിയിലെ രണ്ടുസീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. തകഴി ഏരിയ സെക്രട്ടറിയായിരുന്ന കെ. പ്രകാശൻ, എം.എ. അലിയാർ എന്നിവരുടെ നിര്യാണത്തെതുടർന്നാണ് ഒഴിവുവന്നത്. ഇത് നികത്തും.
ജില്ല സെക്രട്ടേറിയറ്റിലും രണ്ടൊഴിവുണ്ട്. 11 അംഗ സെക്രട്ടേറിയറ്റിൽ അലിയാരുടെ നിര്യാണത്തെതുടർന്നാണ് ഒരു ഒഴിവുവന്നത്. പടനിലം സ്കൂൾ നിയമനവിവാദത്തെതുടർന്ന് കെ. രാഘവനെ തരംതാഴ്ത്തിയിരുന്നു. ഈ രണ്ട് ഒഴിവുകൂടാതെ ഒരാളെക്കൂടി ഉൾപ്പെടുത്തി 12 അംഗ സെക്രട്ടേറിയറ്റ് നിലവിൽവരും. 180 സമ്മേളനപ്രതിനിധികളിൽ 35 വനിതകളുണ്ട്. 2,740 ബ്രാഞ്ച്, 154 ലോക്കൽ, 16 ഏരിയ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. ജില്ല സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാധ്യത. പഴയ രീതിയിലുള്ള വിഭാഗീയതകൾക്ക് പുറമേ പുതിയ ചേരികൾ രൂപപ്പെട്ടത് പാർട്ടിക്ക് തലവേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.