ചെങ്ങന്നൂർ: ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിലെ വിജയമ്മ ഫിലെന്ദ്രൻ രാജിവെച്ചു. ഇതോടെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിച്ചേക്കും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയമ്മയെ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വമാണ് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടത്.
മൂന്നു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന 18 അംഗ സമിതിയിൽ കോൺഗ്രസ് പിന്തുണയോടെയാണ് വിജയമ്മ തെരഞ്ഞെടുക്കപ്പെട്ടത്. എൻ.ഡിഎ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. അധികാരത്തിലേറിയ നാൾ മുതൽ രാജി ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വവും ബിജെപിയും നിരന്തരം സമ്മർദതന്ത്രങ്ങളിലായിരുന്നു.
ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരം വേണ്ടെന്ന് സിപിഎം എടുത്ത തീരുമാനം ചൂണ്ടിക്കാട്ടിയാണ് സ്ഥാനം രാജിവെക്കാൻ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നിട്ടും വിജയമ്മ വഴങ്ങാതിരുന്ന സംഭവം സി.പി.എമ്മിന് തലവേദനയായിരുന്നു. നടപടിയെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് വിജയമ്മ നിലപാട് മയപ്പെടുത്തലയത്. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി സെബീനക്ക് ശനിയാഴ്ച വൈകിട്ട് 4.45നാണ് കൈമാറിയത്. ഇതോടെ പ്രസിഡൻറ് സ്ഥാനം ബി.ജെ.പിക്ക് ലഭിക്കാനാണ് സാധ്യത.
പട്ടികജാതി വനിതക്ക് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്ത ചെന്നിത്തലയിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് സീറ്റ് വീതവും എൽ.ഡി.എഫിന് അഞ്ചു സീറ്റും കോൺഗ്രസ് വിമതന് ഒരു സീറ്റും ആണ് ലഭിച്ചത്. യു.ഡി.എഫിൽ പട്ടികജാതി വനിതാ പ്രാതിനിധ്യമില്ലാത്തതിനാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനായില്ല. എന്നാൽ ആറു സീറ്റുള്ള ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയുവാൻ സി.പി.എം സ്ഥാനാർത്ഥിയെ യു.ഡി.എഫ് പിന്തുണച്ചതോടെയാണ് വിജയമ്മ പ്രസിഡന്‍റായത്.
തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഒന്നാം വാർഡിൽനിന്നുള്ള പ്രതിനിധിയായിരുന്ന വിജയമ്മ സി.പി.എം ലോക്കൽ സെക്രട്ടറി ഫിലേന്ദ്രന്‍റെ ഭാര്യയാണ്. തെരഞ്ഞെടുപ്പു വിവാദത്തെ തുടർന്ന് അവധിയെടുത്തിരിക്കുകയാണ് ഫിലേന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.