ആലപ്പുഴ: കെ-റെയിൽ പദ്ധതിക്കെതിരെ സി.പി.ഐ സാംസ്കാരിക വിഭാഗമായ യുവകലാ സാഹിതി വീണ്ടും രംഗത്ത്. നേരത്തേതന്നെ പദ്ധതിക്കെതിരെ രംഗത്തുവന്ന സമിതിയുടെ മുഖപ്രസിദ്ധീകരണമായ യുവകലാ സാഹിതിയിലൂടെയാണ് വീണ്ടും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചത്.
അന്തരിച്ച പരിസ്ഥിതിപ്രവർത്തകനും നിരൂപകനും യുവകലാ സാഹിതി മുൻ പ്രസിഡൻറുംകൂടിയായ ഡോ.ടി.പി. സുകുമാരെൻറ ഓർമകൾ പങ്കുവെക്കുന്ന പ്രത്യേക പരിസ്ഥിതി പതിപ്പിലാണ് പദ്ധതിെക്കതിരെ പ്രതികരണം.
മുഖ്യപത്രാധിപർകൂടിയായ യുവകലാ സാഹിതി പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ മുഖക്കുറിപ്പിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻ അംഗം ഡോ.കെ.ജി. താര എഴുതിയ 'സിൽവർ ലൈൻ വിലകൊടുത്ത് വാങ്ങുന്ന ദുരന്തം' ശീർഷകത്തിലെ ലേഖനത്തെക്കുറിച്ച് വിശദീകരിക്കവെ മുതലാളിത്ത വികസനസങ്കൽപത്തിൽനിന്ന് വേറിട്ട് സമത്വാധിഷ്ഠിത സാമൂഹികനീതിയിൽ ഉറച്ചുനിന്നുവേണം ഇടതുപക്ഷം പുതിയ പരിസ്ഥിതിസൗഹൃദ നിലപാടുകൾ എടുക്കാനെന്ന് ഓർമപ്പെടുത്തുന്നു.
വികസനമെന്നാൽ ബുള്ളറ്റ് െട്രയിനും ജലവിമാനങ്ങളുമല്ലെന്നും എല്ലാവർക്കും ശുദ്ധമായ മണ്ണും വായുവും വെള്ളവുമാണെന്ന് പറയുന്ന ലേഖനത്തിൽ പദ്ധതി അപ്രായോഗിവും അശാസ്ത്രീയവുമാണെന്ന് അക്കമിട്ട് നിരത്തുന്നു. സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിൽപെടുത്താനെ പദ്ധതി വഴിയൊരുക്കൂവെന്ന് സമാനപദ്ധതികളെ ഉദാഹരിച്ച് ചൂണ്ടിക്കാട്ടിയ ഡോ. താര വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് കാണാനാവുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്താത്തത് വലിയ പോരായ്മയെന്ന് കൂട്ടിച്ചേർത്തു.
വയലേലകളും തണ്ണീർത്തടങ്ങളും നഷ്ടപ്പെടുത്തുന്ന പദ്ധതി വഴി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് വരുന്ന ചെലവ് അടക്കമുള്ള കാര്യങ്ങൾ പദ്ധതി ലാഭകരമായിരിക്കില്ലെന്ന സൂചനയും അവർ നൽകുന്നു. 60 ശതമാനം യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യുമെന്ന് പറയുകയും നടത്തിപ്പിൽ അരലക്ഷം പേർക്കും പൂർത്തിയായാൽ 11,000 പേർക്ക് നേരിട്ടും ജോലി കൊടുക്കാനാവുമെന്ന സർക്കാർ വാദത്തെ വിശദാംശങ്ങൾ ലഭ്യമല്ലാത്തതിനാൽ സംശയദൃഷ്ടിയോടെയാണ് ലേഖിക നോക്കുന്നത്. വേഗ റെയിൽപാത കേരളത്തിന് വേണ്ടെന്ന ആലേങ്കാട് ലീലാകൃഷ്ണൻ പ്രസിഡൻറും ഇ.എം. സതീശൻ സെക്രട്ടറിയുമായ യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി തീരുമാനം ഡിജിറ്റൽ പതിപ്പിൽ പ്രേത്യകം ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.