ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്നും കൂടുതൽ വിശദമായത് അടുത്ത സിറ്റിങ്ങിൽ നൽകണമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങ്ങിലാണ് നിർദേശം നൽകിയത്. പ്രസവാനന്തരം ചികിത്സയിലിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശിനി ഷിബിനയാണ് (31) മരിച്ചത്. സംഭവത്തിൽ ന്യൂനപക്ഷ കമീഷൻ സ്വമേധയ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്, ജില്ല പൊലീസ് മേധാവി, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് നൽകുകയായിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽപോലും നൽകിയിട്ടില്ലെന്നും ഇത് പരിഹരിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കമീഷൻ നിർദേശിച്ചു. ആകെ 11 കേസാണ് പരിഗണിച്ചത്. ഇതിൽ രണ്ടെണ്ണം തീർപ്പാക്കി.
കടൽത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന കേസിൽ കലക്ടറുടെ ഓഫിസ് നൽകിയ വിശദീകരണം കമീഷൻ അംഗീകരിച്ചു. സി.ആർ.ഇസഡ് നിയമപ്രകാരം 100 മീറ്റർ മാറിയുള്ള സ്ഥലത്തിന് മാത്രമേ പട്ടയം നൽകാൻ കഴിയുവെന്ന് റവന്യൂ വകുപ്പ് അധികൃതർ കമീഷനെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ചയാൾക്ക് 60 മീറ്റർ അടുത്താണ് വീടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടിയത് അംഗീകരിച്ച് കമീഷൻ നടപടി അവസാനിപ്പിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്ക് 60 വയസ്സിന് ശേഷവും പെൻഷന് അപേക്ഷിക്കാതെ തൊഴിൽ തുടരുന്നവർക്ക് 70 വയസ്സുവരെ വിഹിതം ഒടുക്കാവുന്നതാണെന്നും ഇവർക്ക് 70 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും കത്തോലിക്ക മത്സ്യത്തൊഴിലാളി യൂനിയൻ സെക്രട്ടറിയുടെ പരാതിയിൽ കമീഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.