എം.എന്‍ സ്മൃതിമണ്ഡപം പൊളിച്ച നടപടി: അമ്പലപ്പുഴയിൽ സി.പി.എം-സി.പി.ഐ ബന്ധം ഉലയുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം-സി.പി.ഐ ബന്ധം ഉലയുന്നു. ഇടതു മുന്നണിയുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനം. വണ്ടാനത്ത് എ.ഐ.വൈ.എഫ് സ്ഥാപിച്ച എം.എൻ സ്മൃതിമണ്ഡപം സി.പി.എം ഭരിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൊളിച്ചുമാറ്റിയ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ചാണ് സി.പി.ഐ ഈ നിലപാടെടുത്തത്.

നിരവധി രാഷ്ട്രീയ മതേതര സംഘടനകളുടെ കൊടികൾ, മണ്ഡപങ്ങൾ, സ്തൂപങ്ങൾ, ബോർഡുകൾ എന്നിവ പൊതുസ്ഥലം കൈയേറി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇതു മാറ്റാൻ ഒരു ഉത്തരവും പഞ്ചായത്ത് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളിലുണ്ടായ സി.പി.ഐയുടെ വളർച്ചയെ ഭയപ്പെട്ടുകൊണ്ടാണ് സ്മൃതിമണ്ഡപം പൊളിച്ചുമാറ്റിയതെന്ന് പാർട്ടി ആരോപിക്കുന്നു. സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഒരംഗം ഉണ്ടെങ്കിലും അവർ പ്രതികരിക്കുകയും ചെയ്തില്ല. ഇപ്പോൾ സി.പി.എം പാളയത്തിലാണ് ഈ അംഗം. പഞ്ചായത്ത് തീരുമാനത്തിൽനിന്ന് യു.ഡി.എഫും വിട്ടുനിന്നിരുന്നു. സ്മൃതി മണ്ഡപം പൊളിച്ചതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായെത്തി പുതിയ കൊടിമരം കഴിഞ്ഞ ദിവസം നാട്ടിയിരുന്നു. പതാക ഇട്ടു പൊതുസ്ഥലം കൈയേറി സ്ഥാപിച്ച എല്ലാ നിർമാണവും ഉടൻ പൊളിച്ചുമാറ്റിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് സി.പി.ഐ തീരുമാനം. 

Tags:    
News Summary - Demolition of MN Memorial Hall: CPM-CPI ties in Ambalapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.