ആലപ്പുഴ: ഡെങ്കിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ 19 ഇടത്ത് ഹോട്ട് സ്പോട്ട് ഏരിയ നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ജില്ലയിൽ ആലപ്പുഴ, ചേർത്തല നഗരസഭകളും 14 പഞ്ചായത്തുമാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചത്.ആലപ്പുഴ നഗരസഭയിലെ ജനറൽ ആശുപത്രി, വനിതശിശു ആശുപത്രി പരിസരവും മുല്ലാത്തുവളപ്പ് വാർഡിലുമാണ് ഡെങ്കിപ്പനി പടരുന്നതെന്നാണ് കണക്ക്. ഹോട്ട് സ്പോട്ടിൽ ഇടംനേടിയ പഞ്ചായത്തുകളിൽ എലിപ്പനിയാണ് വില്ലൻ.
ഭരണിക്കാവ്, ചെറുതന, ആര്യാട്, ചെന്നിത്തല, നൂറനാട്, പള്ളിപ്പുറം, അമ്പലപ്പുഴ നോർത്ത്, കൈനകരി, മണ്ണഞ്ചേരി, പുന്നപ്ര നോർത്ത്, നെടുമുടി, മാരാരിക്കുളം സൗത്ത്, പള്ളിപ്പാട്, ചെട്ടിക്കുളങ്ങര പഞ്ചായത്തുകളാണിവ. ഈവർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള പകർച്ചവ്യാധികളുടെ കണക്കനുസരിച്ചാണ് പുതിയ ഹോട്ട് സ്പോട്ട് നിശ്ചയിക്കുന്നത്.
ഹോട്ട് സ്പോട്ടായി കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വെള്ളിയാഴ്ച മാത്രം 13 എലിപ്പനിയും മൂന്ന് ഡെങ്കിയും സ്ഥിരീകരിച്ചു. ഓരോദിവസവും പത്തിലേറെ പേർക്കാണ് രോഗം പിടിപെടുന്നത്. ഇതിനൊപ്പം മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചേർത്തല സ്വദേശി മൂന്നാം ക്ലാസ് വിദ്യാർഥിനി സാരംഗിയുടേതാണ് ഏറ്റവും ഒടുവിലത്തെ ഡെങ്കിപ്പനി മരണം.
ആലപ്പുഴ: ഡെങ്കിയും എലിപ്പനിയും ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുമ്പോഴും മരുന്നുക്ഷാമം രൂക്ഷം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിനും വയറിളക്ക ബാധിതരുടെ നിർജലീകരണം തടയാനുള്ള ഒ.ആർ.എസ് പാക്കറ്റുകൾക്കുമാണ് ക്ഷാമം.
മൺസൂൺ കാലത്ത് സാധാരണ ആവശ്യപ്പെടുന്നതിെൻറ 50 ശതമാനം മരുന്നുകളാണ് ലഭിക്കുന്നത്. എന്നാൽ, ഇക്കുറി 25 ശതമാനം മരുന്നുകളാണ് കിട്ടിയത്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പകർച്ചവ്യാധി പടരുമ്പോൾ മരുന്നില്ലാതെ വരുന്നത് പ്രതിരോധ പ്രവർത്തനത്തെയും ബാധിക്കും.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മരുന്നു സംഭരണം മുൻവർഷത്തേക്കാൾ കുറച്ചതാണ് കാരണമെന്നും പറയുന്നു. ശുദ്ധജല ക്ഷാമംമൂലം വയറിളക്കവും വ്യാപകമാണ്.കനത്തമഴയിൽ ജലസ്രോതസ്സുകൾ മലിനമായത് രോഗം വർധിക്കാനിടയാക്കി. മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടനാടുൾപ്പെടെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.