ആലപ്പുഴ: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ശനിയാഴ്ചയും ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം മുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇടവിട്ടുള്ള മഴ കൊതുകുകൾ പെരുകാൻ കാരണമാകുന്നുണ്ടെന്നും ഇത്തരം സമയങ്ങളിൽ ഡെങ്കിപ്പനിക്ക് സാധ്യത ഏറെയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവർക്ക് രോഗം ഗുരുതരമാകാത്തത് ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നതുകൊണ്ടാണ്. രോഗം മൂർച്ഛിച്ചാൽ മരണംവരെ സംഭവിക്കാം. നിലവിൽ ജില്ലയിൽ ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ജാഗ്രത കൈവിടരുതെന്നും സ്വയംചികിത്സ പാടില്ലെന്നും വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതുമുതൽ ലക്ഷണങ്ങൾ കാണിക്കുന്നതുവരെയുള്ള സമയ ദൈർഘ്യം അഞ്ച് മുതൽ എട്ടുദിവസം വരെയാണ്. വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകാനേ സാധിക്കൂ. അതുകൊണ്ട്, യഥാസമയം ചികിത്സ ലഭിച്ചാൽ രോഗം ഭേദമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.