ആലപ്പുഴ: പട്ടയമേളയില്‍ അര്‍ഹരായ 173 പേര്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം. തൃശൂരില്‍ നടന്ന പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിലാണ് റവന്യൂ വകുപ്പിന്റെ ജില്ലതല പട്ടയമേള സംഘടിപ്പിച്ചത്. പട്ടയമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ നിര്‍വഹിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഏഴരവര്‍ഷത്തെ കാലയളവില്‍ മൂന്നരലക്ഷത്തിലധികം കുടുംബങ്ങളെ പട്ടയം നല്കി ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു. ജില്ലതല പട്ടയമേളയിൽ മന്ത്രി സജി ചെറിയാന് പട്ടയ വിതരണം നടത്തി.
അരൂര്‍ -23, ചേര്‍ത്തല -21, ആലപ്പുഴ -18, അമ്പലപ്പുഴ -20, കുട്ടനാട് -34, ഹരിപ്പാട് -28, മാവേലിക്കര -11, കായംകുളം -11, ചെങ്ങന്നൂര്‍ -ഏഴ് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിന് പുറമെ ഒമ്പത് കൈവശരേഖകളും വിതരണം ചെയ്തു.
എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ല കലക്ടർ ജോണ്‍ വി. സാമുവല്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എ.ഡി.എം വിനോദ് രാജ്, സബ്കലക്ടർ സമീര്‍ കിഷന്, ലാന്‍ഡ് റിഫോംസ് റിവ്യൂ ബോര്‍ഡ് അനൗദ്യോഗിക അംഗങ്ങളായ ആര്. സുഖലാല്‍, ജെ. അബ്ദുൽ റഷീദ്, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ്, ജനതാദള്‍ എസ് ജില്ല വൈസ് പ്രസിഡന്റ് സുഭാഷ് ബാബു, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി നാസര്‍ എം. പൈങ്ങാമഠം, ആര്.ജെ.ഡി ജില്ല പ്രസിഡന്റ് സാദിഖ് എം. മാക്കയില്‍ എന്നിവർ പങ്കെടുത്തു.
കാത്തിരിപ്പിനൊടുവിൽ സുരേന്ദ്രനും കുടുംബത്തിനും സ്വന്തം പേരിൽ ഭൂമിയായി. ഇവർക്കൊപ്പം കാർത്തികപ്പള്ളി താലൂക്കിലെ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ വടക്കുംമുറിയിൽ കൊട്ടാരംതൊപ്പ് നിവാസികളായ 10 കുടുംബമാണ് ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലതല പട്ടയമേളയിൽ പട്ടയം ലഭിച്ചതോടെ ഭൂമിയുടെ അവകാശികളായത്. സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ മത്സ്യത്തൊഴിലാളിയായ മുല്ലശ്ശേരിൽ സുരേന്ദ്രനും കുടുംബവും 20 വർഷത്തിലേറെയായി കാത്തിരിക്കുകയായിരുന്നു.
ആകെയുള്ള 10 സെന്റ് വസ്തുവിൽ പഴയ വീട് മാത്രമാണ് ഇവർക്കുള്ളത്. പട്ടയമില്ലാത്തതിനാൽ മറ്റ് സർക്കാർ ആനുകൂല്യങ്ങൾക്കൊന്നും അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.
കാർത്തികപ്പള്ളി താലൂക്കിലെ അയ്യൻകോയിക്കൽ കോളനിക്കാർ പട്ടയത്തിനായി കാത്തിരുന്നത് 50 വർഷം. ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. കീരിക്കാട് വില്ലേജിലെ അയ്യൻകോയിക്കൽ മുനിസിപ്പൽ കോളനിയിലെ ആറ് പട്ടികവർഗ കുടുംബത്തിനാണ് നാലാമത് പട്ടയമേളയിലൂടെ പട്ടയം ലഭിച്ചത്.
കോളനിയിൽ താമസിക്കുന്നവരുടെ പൂർവികർ ആര്യങ്കാവിൽനിന്ന് കുടിയേറിയവരാണ്. ഇതുവരെ ഈ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. പൂർണമായും ജീർണാവസ്ഥയിലുള്ള വീടുകൾ 25 വർഷത്തിന് മുമ്പ് നിർമിച്ചവയാണ്.
വീടുകൾ ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലായതോടെ പലരും ഇവിടം വിട്ട് മറ്റ് സ്ഥലങ്ങളിൽ വാടകക്ക് താമസം മാറി. പുതിയ വീട് നിർമിക്കുന്നതിന് ആവശ്യമായ സഹായത്തിനായി പലരും വിവിധ ഓഫിസുകളെ സമീപിച്ചെങ്കിലും പട്ടയം ലഭിക്കാത്തതിനാൽ അവയെല്ലാം നിരസിച്ചുവെന്ന് കോളനിയിലെ താമസക്കാരി അനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.